വിജയവാഡ: കാണാതായ എട്ടുവയസുകാരിയുടെ മൃതദേഹം അയൽക്കാരന്റെ വീട്ടിൽ ബാ​ഗിലാക്കിയ നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്.

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മകളെ കാണാതായതിനെ തുടർന്ന് അമ്മ അടുത്തുള്ള കോളേജിൽ സ്വീപ്പർ ആയി ജോലി ചെയ്യുന്ന അച്ഛനെ വിവരം അറിയിച്ചു. മതാപിതാക്കളും ബന്ധുക്കളും ചേർന്ന് കുട്ടിയെ പ്രദേശത്താകെ തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും പെൺകുട്ടിയുടെ അടയാളങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നീട് ചുറ്റുമുള്ള വീടുകളിൽ പൊലീസ് തെരച്ചിൽ നടത്തുന്നതിനിടയിലാണ് അയൽക്കാരനായ യുവാവിന്റെ വീട്ടിൽ ബാ​ഗിലാക്കിയ നിലയിൽ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷമേ കുട്ടി പീഡനത്തിന് ഇരയായോ എന്ന് അറിയാൻ സാധിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. വ്യക്തി വൈരാ​ഗ്യമാണോ കൊലയിലേക്ക് നയിച്ചതെന്ന സാധുതയും പൊലീസ് പരിശോധിക്കുന്നുണ്ട്.