ചെന്നൈ: സിബിഐ കസ്റ്റഡയിലുള്ള 45 കോടി രൂപയുടെ സ്വര്‍ണം കാണാതായ സംഭവത്തില്‍ വിവാദം കനക്കുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യസ്ഥാപനത്തില്‍ നിന്ന് സിബിഐ പിടിച്ചെടുത്ത 103 കിലോ സ്വര്‍ണമാണ് കാണാതായത്. കോടതി നിര്‍ദേശപ്രകാരം തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സിബിഐയും ആഭ്യന്തര അന്വേഷണം തുടങ്ങി.

സുരാന കോർപറേഷൻ ലിമിറ്റഡിന്‍റെ ഓഫീസില്‍ നിന്ന് 400.5 കിലോഗ്രാം സ്വര്‍ണമാണ് സിബിഐ പിടിച്ചെടുത്തത്. 2012ലായിരുന്നു സിബിഐ റെയ്ഡ്. സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന ചെന്നൈയിലെ സുരാന കോർപറേഷൻ ലിമിറ്റഡിന് മിനറൽസ് ആൻഡ് മെറ്റൽസ് ട്രേഡിങ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. അന്ന് പിടിച്ചെടുത്ത സ്വർണത്തിൽ നിന്നാണ് 103 കിലോഗ്രാം കാണാതായത്.

സുരാന കോര്‍പ്പറേഷന്‍  വായ്പാ കുടിശിക വരുത്തിയതോടെ സിബിഐ പിടിച്ചെടുത്ത സ്വര്‍ണം എസ്ബിഐ ഉള്‍പ്പെടെ ആറ് ബാങ്കുകള്‍ക്ക് വിതരണം ചെയ്യാന്‍ നാഷനൽ കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ച് സിബിഐ ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നിലവറകൾ തുറന്ന് പരിശോധിച്ചപ്പോഴാണ് 45 കോടി രൂപയുടെ സ്വര്‍ണം കാണാതായതായി കണ്ടെത്തിയത്.

സിബിഐ ലോക്കറിന് പകരം സുരാന കോർപറേഷൻ ലിമിറ്റഡിന്‍റെ ലോക്കറില്‍ സ്വര്‍ണം സീല്‍ ചെയ്തു സൂക്ഷിച്ചിരുന്നുവെന്നാണ് സിബിഐ പറയുന്നത്. ലോക്കറിന്റെ താക്കോൽ ചെന്നൈയിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ചതായും സിബിഐ അവകാശപ്പെടുന്നു. 

വിശദമായ പരിശോധനയ്ക്ക് തമിഴ്നാട് ക്രൈബ്രാഞ്ചിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ സിബിഐയും ആഭ്യന്തര അന്വേഷണം തുടങ്ങി. 2012ല്‍ സ്വര്‍ണം പിടിച്ചെടുത്ത സിബിഐ ഉദ്യോസ്ഥ സംഘത്തിലെ ഭൂരിഭാഗം പേരും റിട്ടയർ ആയി.