ജീർണിച്ച മൃതദേഹങ്ങള്‍ ബെംഗളൂരുവിലെ വനത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ബന്ധുക്കളെ ചോദ്യംചെയ്യുമെന്ന് പൊലീസ്.
ബെംഗളൂരു: ഒന്നര മാസത്തോളമായി കാണാതായ മലയാളി യുവതിയെയും യുവതിയെയും ബെംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജീർണിച്ച ഉടൽ വേർപെട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇവരുടെ വീട്ടുകാരെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.
പാലക്കാട് അഗളി സ്വദേശി അഭിജിത് മോഹൻ, തൃശ്ശൂർ മാള സ്വദേശി ശ്രീലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങളാണ് ബെംഗളൂരു നഗരത്തിന് പുറത്തുള്ള വനമേഖലയിൽ കണ്ടെത്തിയത്. പ്രമുഖ ഐ ടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. ദിവസങ്ങൾ പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം. ഉടൽ വേർപെട്ടിരുന്നു. ഒന്നര മാസമായി ഇവർക്കായി തെരച്ചിലിലായിരുന്നു പൊലീസ്. ഒക്ടോബർ 11ന് ശേഷം ഇവരെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നു. കർണാടക ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് റിട്ടും നൽകി.
അഭിജിത്തിനൊപ്പം പോകുന്നുവെന്നും ഫോൺ ഓഫീസിൽ തന്നെ വെക്കുന്നുവെന്നും പെൺകുട്ടി ഒക്ടോബർ 11ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നു. അന്ന് തന്നെ അഭിജിത് കോയമ്പത്തൂർ പോയി വീണ്ടും ബംഗളുരുവിൽ മടങ്ങിയെത്തിയതായി മൊബൈൽ നെറ്റ്‌വർക്ക് പരിശോധനയിൽ പോലീസിന് വ്യക്തമായി. തങ്ങൾ അപകടത്തിലാണെന്നും ഉടൻ എത്തണമെന്നും സുഹൃത്തുക്കൾക്ക് അഭിജിത് മെസ്സേജ് അയക്കുകയും ചെയ്തു. ലൊക്കേഷനും വാട്സ്ആപ്പിൽ പങ്കുവെച്ചിരുന്നു.
കാണാതായതിനെ തുടർന്ന് ഈ സ്ഥലത്ത് വീട്ടുകാരും സുഹൃത്തുക്കളും പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്തിയിരുന്നില്ല. പിന്നീട് ഒന്നര മാസം കഴിഞ്ഞാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടത്. ഇരുവരും ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നിഗമനം.മൃതദേഹത്തിൽ മുറിവോ പാടുകളോ ഉണ്ടായിരുന്നില്ല. രണ്ടുപേരും അടുപ്പത്തിലെന്നു അറിയില്ലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. വീട്ടുകാരുടെ മൊഴിയെടുക്കാൻ കേരളത്തിൽ എത്തുമെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.
