ജയ്പൂര്‍: ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ജൈന സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ ഫോണുകള്‍,  ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. കരൗലി ജില്ലാ പൊലീസാണ് കഴിഞ്ഞ ദിവസം സന്ന്യാസിയെ അറസ്റ്റ് ചെയ്തത്. ജോധ്പൂര്‍ സ്വദേശിയായ ആചാര്യ സുകുമാല്‍ നന്ദി(38) ആണ് അറസ്റ്റിലായത്. 

വെള്ളിയാഴ്ചയാണ് ഫോറന്‍സിക് വിദഗ്ധരും പൊലീസും ഹിന്ദൗന്‍ ടൗണിലെ സന്ന്യാസി താമസിക്കുന്ന ആശ്രമത്തില്‍ എത്തി തിരച്ചില്‍ നടത്തിയത്. പരിശോധനയില്‍ രണ്ട് ലാപ്‌ടോപ്, 19 മൊബൈല്‍ ഫോണ്‍, 33 പെന്‍ഡ്രൈവ്, നാല് ഹാര്‍ഡ് ഡിസ്‌ക്, നിരവധി കോണ്ടം പാക്കറ്റുകള്‍ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. ഹാര്‍ഡ് ഡിസ്‌കില്‍ അശ്ലീല ദൃശ്യങ്ങളാണെന്നും പൊലീസ് അറിയിച്ചു. 

വ്യാഴാഴ്ചയാണ് ഗര്‍ഭിണിയായ യുവതി ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ഭര്‍തൃസഹോദരിയോടൊപ്പം സന്ന്യാസിയുടെ അനുഗ്രഹം വാങ്ങാനെത്തിയതായിരുന്നു യുവതി. യുവതിയെ ഒറ്റക്ക് കാണണമെന്നാവശ്യപ്പെട്ട സന്ന്യാസി ബലാത്സംഗം ചെയ്‌തെന്ന് പരാതിക്കാരി ആരോപിച്ചു. ബലാത്സംഗത്തിനിരയായ കാര്യം യുവതി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തിയപ്പോള്‍ സന്ന്യാസി മുറി ഉള്ളില്‍ നിന്ന് പൂട്ടി അകത്തിരിക്കുകയായിരുന്നു. 

യുവതിയുടെയും ഭതൃസഹോദരിയുടെയും മൊഴി രേഖപ്പെടുത്തി. സന്ന്യാസി 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവം പുറത്തുപറഞ്ഞാല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കുടുംബത്തെ നശിപ്പിക്കുമെന്ന് സന്ന്യാസി യുവതിയെ ഭീഷണിപ്പെടുത്തിയതായി ഡെപ്യൂട്ടി ഐജി ലക്ഷ്മണ്‍ ഗൗര്‍ മാധ്യമങ്ങളോട് പറഞ്ഞു.