പുരാവസ്തുവിൽ മാത്രം ഒതുങ്ങുന്നതല്ല മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പ്. എട്ട് ഡിഗ്രികളുമായി ഡോക്ടറെന്ന് അവകാശപ്പെട്ട മോൻസൻ, കോസ്മറ്റോളിസ്റ്റ് എന്ന നിലയിൽ കെപിസിസി അധ്യക്ഷനെ വരെ വിട്ടിലെത്തിച്ച് ചികിത്സിച്ചു. ജർമനി, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ചികിത്സ വൈദഗ്ധ്യം നേടിയെന്നായിരുന്നു മോൻസന്‍റെ വാദം

കൊച്ചി: പുരാവസ്തുവിൽ മാത്രം ഒതുങ്ങുന്നതല്ല മോൻസൻ മാവുങ്കലിന്‍റെ (Monson mavunkal) തട്ടിപ്പ്. എട്ട് ഡിഗ്രികളുമായി ഡോക്ടറെന്ന് അവകാശപ്പെട്ട മോൻസൻ, കോസ്മറ്റോളിസ്റ്റ് എന്ന നിലയിൽ കെപിസിസി അധ്യക്ഷനെ വരെ വിട്ടിലെത്തിച്ച് ചികിത്സിച്ചു. ജർമനി, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ചികിത്സ വൈദഗ്ധ്യം നേടിയെന്നായിരുന്നു മോൻസന്‍റെ വാദം. എന്നാൽ പാസ്പോർട്ട് പോലും ഇല്ലാത്ത മോൻസന് ഇതൊക്കെ എങ്ങിനെ സാധ്യമായി എന്നതാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം.

 പുരാവസ്തുവിൽ മാത്രം ഒതുങ്ങിയിരുന്നില്ല മോൻസൻ മാവുങ്കൽ. ചികിത്സകൻ, വിദ്യാഭ്യാസ വിദഗ്ധൻ, മനുഷ്യസ്നേഹി അങ്ങനെ നീളുന്നു വിശേഷണങ്ങൾ. ഇതിൽ ഏറ്റവും സ്നേഹിച്ചിരുന്നത് ചികിത്സകനെ. രാഷട്രീയക്കാർ, സിനിമതാരങ്ങൾ എന്നിവരൊക്കെ മോൻസന്‍റെ ചികിത്സയ്ക്ക് വിധേയരായി. സൗന്ദര്യ വർധക ചികിത്സകൾക്ക് പുറമേ ത്വക്ക് രോഗങ്ങളും ചികിത്സിച്ചു. വിട്ടുമാറാത്ത അലർജിക്കാണ് കെ സുധാകരൻ മോൻസനിൽ നിന്ന് ചികിത്സ തേടിയത്.

കോസ്മറ്റിക് തെറാപ്പിയിൽ സിംഗപ്പൂരിൽ നിന്ന് വൈദഗ്ധ്യം നേടിയെന്നാണ് മോൻസൻ പറഞ്ഞിരുന്നത്. ബയോ വേവ് കോസ്മെറ്റിക്സിൽ ജർമനിയിലെ ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം നടത്തി. ടൈയും കെട്ടി കോട്ടുമിട്ട് ആപ്പിൾ ലാപ്ടോപ്പിൽ കയ്യുംവച്ചിരുന്ന ചിത്രത്തോടൊപ്പം തന്‍റെ ഗുണഗണങ്ങൾ സ്വന്തം വെബ്സൈറ്റിൽ മോൻസൻ വിവരിച്ചിട്ടുണ്ട്. അവസരം കിട്ടുന്ന വേദികളിലെല്ലാം കോസ്മറ്റോളജിയിൽ അഗാധമായ അറിവുണ്ടെന്ന് കേൾവിക്കാരെ ധരിപ്പിച്ചു. ജർമനിയിലും സിംഗപ്പൂരിലും പഠിച്ചത് വിവരിച്ചു. ഒടുക്കം ചികിത്സയ്ക്ക് വിധേയരായവരെല്ലാം വ്യാജഡോക്ടറായ മോൻസന് പാസ്പോർട്ട് പോലുമില്ലെന്ന് അറിഞ്ഞത് ഞെട്ടലോടെയാണ്.

വലിയ മനുഷ്യസ്നേഹിയെന്നാണ് മോൻസൻ വിശേഷിപ്പിച്ചിരുന്നത്. ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുതെന്നല്ല, ഒരു വിരലുകൊണ്ട് ചെയ്യുന്നത് പോലും മറുവിരൽ അറിയരുതെന്നാണ് മോൻസന്‍റെ തത്വം. തന്‍റെ സ്വത്തിന്‍റെ 90 ശതമാനവും അടുത്ത 25 വർഷത്തിനുള്ളിൽ നിരാലംബർക്ക് നൽകുമെന്നും മോൻസൻ വാദ്ഗാനം ചെയ്തിരുന്നു.

വിദ്യാഭ്യാസ വിദഗ്ധൻ എന്ന് കൂടിയാണ് മോൻസൻ സ്വയം പരിചയപ്പെടുത്തിയിരുന്നത്. വിദഗ്ധൻ എന്ന നിലയിൽ വിദ്യാഭ്യാസത്തിന്‍റെ മൂല്യവും പ്രാധാന്യവും അറിയുന്നതിനാൽ രാജ്യപുരോഗതിയ്ക്കായി എന്ത് വില കൊടുത്തും വിദ്യാഭ്യാസം നൽകണമെന്ന് ഇടയ്ക്കിടയ്ക്ക് എല്ലാവരെയും ഓർമിച്ചിരുന്നു. അടുത്ത 29 വർഷത്തിനുള്ളിൽ നിരക്ഷരർ ഇല്ലാത്ത ഇന്ത്യയായിരുന്നു മോൻസൻ കണ്ട സ്വപ്നം. പക്ഷേ സ്വപ്നം പൂർത്തിയാകും മുമ്പേ മോൻസൻ അഴിക്കുള്ളിലായി.