സുഹൃത്തുക്കൾ ഇടപെട്ട് തർക്കം അവസാനിപ്പിച്ചെങ്കിലും സൌമ്യ രഞ്ജൻ ഇലക്ട്രിക് കാർ തട്ടുകടയുടമായ തപൻ ദാസിന് നേരെ ഓടിച്ച് കയറ്റുകയായിരുന്നു

ഭുവനേശ്വർ: മദ്യപിച്ച് എസ്യുവി അമിത വേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കി 20 കാരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്ന് ഇറങ്ങി. പിന്നാലെ ഇലക്ട്രിക് കാർ അമിത വേഗത്തിൽ ഓടിച്ച് നാല് പേരെ ഇടിച്ച് തെറിപ്പിച്ച കേസിൽ നിയമ വിദ്യാർത്ഥി അറസ്റ്റിൽ. ഒഡിഷയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡീലറുടെ മകനാണ് വീണ്ടും വാഹനാപകട കേസിൽ പ്രതി സ്ഥാനത്ത് വന്നിട്ടുള്ളത്. തിങ്കളാഴ്ച പുലർച്ചെ ഭുവനേശ്വറിൽ വച്ചായിരുന്നു അപകടമുണ്ടായത്. സൌമ്യ റഞ്ജൻ റാഥ് എന്ന നാലാം വർഷ നിയമ വിദ്യാർത്ഥിയാണ് അപകടകരമായ വാഹനം ഓടിച്ചത്. നേരത്തെ 20 കാരൻ കേസിൽ ഇയാളുടെ ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കിയിരുന്നു. രാത്രി സുഹൃത്തുക്കൾക്കൊപ്പം ജയിലിൽ നിന്നിറങ്ങിയ ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ചായിരുന്നു ഇയാൾ വാഹനം ഓടിച്ചിരുന്നത്. റോഡരികിടെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സൌമ്യ രഞ്ജനും തട്ടുകട ജീവനക്കാരനും തമ്മിൽ തർക്കമുണ്ടായി.

സുഹൃത്തുക്കൾ ഇടപെട്ട് തർക്കം അവസാനിപ്പിച്ചെങ്കിലും സൌമ്യ രഞ്ജൻ ഇലക്ട്രിക് കാർ തട്ടുകടയുടമായ തപൻ ദാസിന് നേരെ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ കടയിലെ ജീവനക്കാർക്കും സാധാരണക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇതേ സമയം റോഡിലൂടെ പോയ ആളുകളാണ് കാർ പിടിച്ച് നിർത്തിയത്. നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ഇയാൾ ലഹരിയുപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. ജൂലൈ മാസത്തിലാണ് ബെൻസ് കാർ മദ്യലഹരിയിലുപയോഗിച്ച് ഒരാളുടെ ജീവനെടുത്തത്. അന്ന് വനിതാ സുഹൃത്തിനൊപ്പം മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പൊലീസ് ഇയാളെ സംഭവ സ്ഥലത്ത് നിന്ന് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം