Asianet News MalayalamAsianet News Malayalam

സ്പിരിറ്റ് വണ്ടി തവിട് വണ്ടിയായി; എക്സൈസ് പ്രദര്‍ശിപ്പിച്ചത് രൂപമാറ്റം വരുത്തിയ മറ്റൊരു വണ്ടി

ചാലക്കുടിയിൽ എക്സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്തിയ കേസ് അട്ടിമറിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പാലിയേക്കര ടോൾ പ്ലാസയിലെ സിസിടിവിയിൽ പതിഞ്ഞ വാഹനത്തിന് പകരം, രൂപമാറ്റം വരുത്തിയ മറ്റൊരു വാഹനം മാധ്യമങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു.

More allegation against excise in chalakkudi case
Author
Kerala, First Published May 7, 2020, 1:51 AM IST

തൃശ്ശൂര്‍: ചാലക്കുടിയിൽ എക്സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്തിയ കേസ് അട്ടിമറിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പാലിയേക്കര ടോൾ പ്ലാസയിലെ സിസിടിവിയിൽ പതിഞ്ഞ വാഹനത്തിന് പകരം, രൂപമാറ്റം വരുത്തിയ മറ്റൊരു വാഹനം മാധ്യമങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു.

എക്‌സൈസ് സംഘത്തെയും പൊലീസിനെയും വെട്ടിച്ച് പാലിയേക്കര ടോൾ പ്ലാസ തകർത്ത് കടന്ന സ്പിരിറ്റ് വാഹനം നേരത്ത പിടികൂടിയെന്ന് എക്സൈസ് അറിയിച്ചിരുന്നു. എക്സൈസ് സംഘമാണ് സ്പിരിറ്റ് കടത്തിയ വാഹനം പിടികൂടിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

വാഹനം ഓടിച്ചിരുന്ന വിനോദിനെ എക്സൈസ് കസ്റ്റഡിയിലെടുത്തെങ്കിലും ഹനത്തിൽനിന്ന് സ്പിരിറ്റ് കണ്ടെത്താനായില്ല. വാഹനത്തില്‍ പുകയില ഉൽപ്പന്നങ്ങളായിരുന്നുവെന്നും അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നുമാണ് ഡ്രൈവര്‍ നല്‍കിയ മൊഴി.  എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. വാഹനത്തില്‍ കണ്ടെത്തിയതാകട്ടെ തവിടും. ഒൻപതിനായിരം പായ്ക്കറ്റ് പാൻമസാലയായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. 

വാഹനത്തില്‍ മൂന്നു ലക്ഷത്തിലധികം രൂപ ഉണ്ടായിരുന്നുവെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. വാഹനം പിടികൂടിയെങ്കിലും കേസെടുക്കാൻ തെളിവില്ലെന്നും ടോൾ പ്ലാസ തകർത്തതിന് പൊലീസിന് വേണമെങ്കിൽ കേസെടുക്കാമെന്നും എക്സൈസ് അറിയിക്കുകയും ചെയ്തു.

എറണാകുളം അങ്കമാലിയില്‍ സ്പിരിറ്റുമായി എത്തിയ വാഹനം ദിവസങ്ങൾക്കു മുമ്പാണ് എക്‌സൈസ് സംഘത്തെയും പൊലീസിനെയും വെട്ടിച്ച് മംഗലം ഭാഗത്തേക്കാണ് കടന്നത്. പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിക്കേഡും തകര്‍ത്താണ് സ്പിരിറ്റ് കടത്ത് സംഘം രക്ഷപ്പെട്ടത്. 150 കിലോമീറ്റര്‍ പിന്തുടര്‍ന്നെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം പിടികൂടാനായിരുന്നില്ല.

എറണാകുളം-തൃശ്ശൂർ അതിർത്തിയിൽ അങ്കമാലിക്ക് സമീപം പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ഹോട്ടലിന്‍റെ പാര്‍ക്കിങ് ഏരിയയോട് ചേര്‍ന്ന് സ്പിരിറ്റുമായി വാഹനം കിടക്കുന്നത് എക്സൈസ് സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. എക്സൈസ് ഉദ്യോഗസ്‌ഥരെ കണ്ടതോടെ സ്പിരിറ്റ് കടത്ത് സംഘം വാഹനം മുന്നോട്ടെടുത്തു. 

തൃശ്ശൂര്‍ ഭാഗത്തേക്കായിരുന്നു പോയത്. ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയില്ല. ഇതിനിടെ പാലിയേക്കര ടോൾ പ്ലാസയുടെ ബാരിക്കേഡും ഇടിച്ചു തെറിപ്പിച്ചു. പട്ടിക്കാട് എട്ടംഗ പൊലീസ് സംഘം വാഹനം പിടികൂടാൻ ശ്രമിച്ചെങ്കിലും നിര്‍ത്താതെ കടന്നു. പാലക്കാട് എത്തുന്നതിന് മുൻപ് വാഹനം തിരിച്ച് മംഗലം ഡാമിലേക്കുള്ള വഴിയെ പോയി. ഇത്രയും നേരം എക്സൈസ് സംഘം സ്പിരിറ്റ് ലോറിയെ പിന്തുടര്‍ന്നെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. കേസില്‍ അട്ടിമറി ആരോപണം ഉയരുന്നതിനിടെയാണ് വാഹനം മാറ്റി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Follow Us:
Download App:
  • android
  • ios