കണ്ണൂര്‍: ബാറുകളും ബീവറേജുകളും പൂട്ടിയതോടെ കണ്ണൂരില്‍ വ്യാജ ചാരായ വാറ്റ് കേന്ദ്രങ്ങള്‍ വ്യാപകം. അഞ്ച് ദിവസത്തിനിടെ ചെറുതും വലുതുമായ മുപ്പതിലധികം വാറ്റ് കേന്ദ്രങ്ങളാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തകര്‍ത്തത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂത്തുപറമ്പ് കണ്ടംകുന്ന് വനമേഖലയില്‍ പുഴ നീന്തിക്കടന്നാണ്് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വാറ്റ് കേന്ദ്രം നശിപ്പിച്ചത്. ആലക്കോട്, കൂത്തുപറമ്പ്, പേരാവൂര്‍ തുടങ്ങി കണ്ണൂരിലെ മലയോരമേഖലകളിലെല്ലാം വ്യാജവാറ്റ് വ്യാപകമാകുകയാണ്. പുഴയോരങ്ങളിലും പാറക്കെട്ടുകള്‍ക്കിടയിലുമെല്ലാം വാറ്റ് സജീവം. കിലോമീറ്ററുകളോളം വനത്തിലൂടെ നടന്നാണ് പല വാറ്റ് കേന്ദ്രങ്ങളും കണ്ടെത്തി നശിപ്പിച്ചത്. 

ജില്ലയില്‍ വ്യാജ വാറ്റുമായി ബന്ധപ്പെട്ട് അഞ്ച് ദിവസത്തിനിടെ എട്ട് കേസുകള്‍. വാറ്റുന്നതിനായി ഉപയോഗിക്കുന്ന 1020 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. എന്നാല്‍ പ്രതികളെ ആരെയും പിടികൂടാനായിട്ടില്ല. പരിശോധന സമയത്തൊന്നും പരിസരത്ത് ആളുകളുണ്ടായിരുന്നില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുമ്പ് സമാന കേസുകളിലുള്‍പ്പെട്ട് പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കി അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് നീക്കം. വരും ദിവസങ്ങളിള്‍ വനമേഖലകള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധനയും നടപടിയുമുണ്ടാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.