കുത്തേറ്റ് മരിക്കുന്നതിന് മുമ്പ് ഇരുവരും മാരകായുധമുപയോ​ഗിച്ചുള്ള ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ദില്ലി: നോർത്ത് ദില്ലിയിലെ ജഹാം​ഗിർപുരിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വീടിനുള്ളിൽനിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ അയൽക്കാരാണ് തൊട്ടടുത്ത് താമസിക്കുന്ന നോർത്ത് ദില്ലി ഡിസിപി വിജയാന്ത ആര്യയെ വിവരമറിയിച്ചത്. തുടർന്ന് അദ്ദേ​ഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജഹാം​ഗിർപുരിയിലെത്തി വീടിനുള്ളിൽനിന്ന് മൃതദേഹങ്ങൾ‌ കണ്ടെടുക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വീട് പൂട്ടിയിരുന്നതിനാൽ ചവിട്ടി തുറന്നാണ് പൊലീസ് സംഘം ഉള്ളിലേക്ക് കടന്നത്. 36 വയസ്സുള്ള പൂജ എന്ന യുവതിയെയും അവരുടെ 12 വയസ്സുള്ള മകൻ ഹർഷിതിനെയുമാണ് തറയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുത്തേറ്റ് മരിക്കുന്നതിന് മുമ്പ് ഇരുവരും മാരകായുധങ്ങളുപയോ​ഗിച്ചുള്ള ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മൃതദേഹങ്ങൾക്ക് ഏകദേശം മൂന്ന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്നാൽ, കൊലയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ടുവർഷം മുമ്പാണ് പൂജയുടെ ഭർത്താവ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൂജയുടെ വീട് സന്ദർശിച്ചവരുടെ പേരുവിവരങ്ങൾ‌ ശേഖരിക്കുകയാണ് പൊലീസിപ്പോൾ. അയൽക്കാരിൽനിന്നാണ് മകളുടെ കൊച്ചുമകനും കൊല്ലപ്പെട്ട വിവരം താൻ അറിയുന്നതെന്ന് പൂജയുടെ അമ്മ പൊലീസിനോ‍ട് പറഞ്ഞു. ഇത്തരമൊരു കൊലപാതകം നടക്കാനുള്ള കാരണങ്ങമെന്താണെന്ന് തനിക്കറിയില്ലെന്നും അവർ വ്യക്തമാക്കി. ഇരുവരുടെയും മൃതദേഹങ്ങൾ‌ പോസ്റ്റുമോർട്ടത്തിന് അയച്ചു.