പൂനെ: പത്തൊമ്പതുകാരിയായ മകളെ അമ്മ തലയ്‍ക്കടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം. നിരന്തരമുള്ള വഴക്കുകള്‍ക്കും പ്രശ്നങ്ങള്‍ക്കും പിന്നാലെയാണ് യുവതിയെ അമ്മ തലയ്ക്കടിച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. 

മകള്‍ റുതുജായെ, സഞ്ജീവനി ബൊഹട്ടെ (34) ഇന്നലെ രാവിലെയാണ് കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നത്. മാതാപിതാക്കളെ എതിര്‍ത്ത് ഇതര ജാതിയില്‍പ്പെട്ട യുവാവിനെ യുവതി കഴിഞ്ഞവര്‍ഷം വിവാഹം ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവുമായി പിണങ്ങി യുവതി സ്വന്തം വീട്ടിലെത്തി. പിന്നീട് യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

എന്നാല്‍ ഭര്‍ത്താവുമായി വീണ്ടും ഒന്നിക്കണമെന്നും അതിനായി മധ്യസ്ഥത വഹിക്കണമെന്നും യുവതി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതിയുടെ മാതാപിതാക്കളുടെ അപേക്ഷ ഇയാള്‍ തള്ളുകയായിരുന്നു. ഭര്‍ത്താവും താനും തമ്മിലുള്ള പ്രശ്നത്തിനിടെ മധ്യസ്ഥത വഹിക്കുന്നില്ലെന്ന് ആരോപിച്ച് യുവതി ദിവസങ്ങളായി അമ്മയുമായി വഴക്കിട്ടിരുന്നു. ഇരുവരും തമ്മില്‍ ഇന്നലെ വഴക്കുണ്ടായിരുന്നതായും ഇതിന് പിന്നാലെയാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു.