കോതമംഗലം: കോട്ടപ്പടിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. പ്രതിയെ നാളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉറങ്ങിക്കിടന്നിരുന്ന അമ്മയെ അനിൽകുമാർ കഴുത്തിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അനിൽകുമാർ പൊലീസിൽ കീഴടങ്ങിയ ശേഷമാണ് നാട്ടുകാർ സംഭവം അറിയുന്നത്. സ്വത്ത് വീതംവയ്ക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 

താമസിക്കുന്ന വീടും ഏഴ് സെന്‍റ് സ്ഥലവും തന്‍റെ പേരിൽ എഴുതി നൽകണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. പ്രതി അനിൽകുമാറിന് മാനസിക പ്രശ്നമുള്ളതായും നാട്ടുകാർ പറയുന്നു. 

കൃത്യം നടക്കുന്ന സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. രണ്ടു വർഷങ്ങൾക്ക് മുന്പ് ഭർത്താവ് മരിച്ച ശേഷം അവിവിഹാതനായ മകനൊപ്പമായിരുന്നു കാർത്ത്യായനി താമസിച്ചിരുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട കാർത്ത്യായനി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം പെരുന്പാവൂരിലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഇതിനായി നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.