ബെംഗളൂരു : കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽ അമ്മയുടെ കാമുകൻ കുത്തിപ്പരിക്കേൽപ്പിച്ച 15കാരി മരിച്ചു. ശിവരാജുവിന്റെയും ലക്ഷ്മിയുടെയും മകൾ ചിത്രയാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്.

ഫെബ്രുവരി  11നാണ് അമ്മയുടെ കാമുകനായിരുന്ന രംഗഥമയ്യയുടെ കുത്തേറ്റ് പെൺകുട്ടിയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിത്രയുടെ അമ്മ ലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്ന പിതാവിനെയും ഇയാൾ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കു ശേഷം വീട്ടിലെത്തിയ അയൽക്കാരിയാണ് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു.

Read More: യുഎഇയില്‍ സുഹൃത്തിനെ കുത്തിക്കൊന്നശേഷം രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി അറസ്റ്റില്‍

പൊലീസെത്തിയതിനുശേഷമുള്ള അന്വേഷണത്തിൽ രംഗഥമയ്യെയെ ഇവരുടെ വീടിന്റെ ഒന്നാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലക്ഷ്മിയും രംഗഥമയ്യയും വളരെക്കാലമായി അടുപ്പത്തിലായിരുന്നുവെന്നും ഇതറിഞ്ഞ ഭർത്താവും മകളും ബന്ധം വിലക്കിയതിനെ തുടർന്ന് ലക്ഷ്മി രംഗഥമയ്യയെ അവഗണിക്കാൻ തുടങ്ങിയതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് നിഗമനം. ശിവരാജു ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. ഇവരുടെ രണ്ടാമത്തെ മകൻ സംഭവം നടക്കുന്ന സമയത്ത് ഹോസ്റ്റലിൽ ആയിരുന്നു.