അജ്‍മാന്‍: റസ്റ്റോറന്റില്‍ വെച്ച് സുഹൃത്തിനെ കുത്തിക്കൊന്നശേഷം രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി അറസ്റ്റിലായി. 38കാരനായ ഏഷ്യക്കാരനാണ് പിടിയിലായതെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. അജ്‍മാനിലെ ഒരു റസ്റ്റോറന്റില്‍ വെച്ച് സുഹൃത്തിനെ നിരവധി തവണ കുത്തിയശേഷമാണ് ഇയാള്‍ അവിടെ നിന്ന് കടന്നുകളഞ്ഞത്.

കൊലപാതകം നടന്ന് 18 മണിക്കൂറുകള്‍ക്ക് ശേഷമാണ് ദുബായ് പൊലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. രാജ്യം വിടാനായി ഒരു ടാക്സി കാറില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്

രാത്രി 10.30ഓടെയാണ് കൊലപാതകം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. അജ്‍മാന്‍ മുസ്സല ഗ്രൗണ്ടിന് സമീപത്തുള്ള ഒരു റസ്റ്റോറന്റിലേക്ക് മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് കൊല്ലപ്പെട്ടയാളും എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരിലൊരാളാണ് പിന്നീട് കത്തി കൊണ്ട് നിരവധി തവണ കുത്തിയത്. തുടര്‍ന്ന് മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഇയാള്‍ ഒരു ടാക്സി വാഹനത്തില്‍ സ്ഥലംവിട്ടു. കൊലപാതകത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

ഫോറന്‍സിക് വിദഗ്ധരും ആംബുലന്‍സ് സംഘവും പൊലീസ് ഉദ്യോഗസ്ഥരും വിവരമറിഞ്ഞയുടന്‍ തന്നെ സ്ഥലത്തെത്തിയതായി അജ്‍മാന്‍ പൊലീസ് ഡയറക്ടര്‍ സിഐഡി, ലെഫ്. കേണല്‍ സഈദ് അല്‍ നുഐമി അറിയിച്ചു.  രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ബര്‍ദുബായില്‍ വെച്ച് ദുബായ് പൊലീസിന്റെ സഹകരണത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.