Asianet News MalayalamAsianet News Malayalam

കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ വയനാട്ടിൽ പാറമടകൾക്ക് അനുമതി നല്‍കാന്‍ നീക്കം; പ്രതിക്ഷേധവുമായി നാട്ടുകാര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ വയനാട്ടിലെ പരിസ്ഥിതി ദുർബല മേഖലകളില്‍ പാറമടകൾക്ക് ഖനനാനുമതി നല്‍കാന്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി തുടങ്ങി

Move to allow stone masonry in Wayanad under the guise of Covid restrictions Locals in protest
Author
Kerala, First Published May 10, 2021, 12:03 AM IST

കൽപ്പറ്റ: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ വയനാട്ടിലെ പരിസ്ഥിതി ദുർബല മേഖലകളില്‍ പാറമടകൾക്ക് ഖനനാനുമതി നല്‍കാന്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി തുടങ്ങി.  മുപ്പൈനാട് വേങ്ങപ്പള്ളി വെള്ളമുണ്ട പഞ്ചായത്തുകളിലാണ് നീക്കം സജീവം. അനുമതി നല്‍കിയാല്‍ ലോക്ഡൗണ്‍ ലംഘിച്ച് സമരം തുടങ്ങുമെന്നാണ് നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും മുന്നറിയിപ്പ്.

കൊവിഡ് കാലത്ത് നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമാകില്ലെന്നുറപ്പായതോടെയാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ പുതിയ പാറമടകൾക്ക് അനുമതി നല്‍കാനുള്ള നീക്കം തുടങ്ങിയത്. ഏറ്റവുമധികം അപേക്ഷകളെത്തിയത് മുപ്പൈനാട് പഞ്ചായത്തിലാണ്. പഞ്ചായത്തിലെ വാളത്തൂര്‍ കടച്ചികുന്ന് എന്നിവിടങ്ങളില്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. വാളത്തൂരില്‍ അനുമതി നല്‍കിയാല്‍ ലോക്ഡൗണ്‍ ലഘിച്ചും സമരം തുടങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കികഴിഞ്ഞു.

ഒരുവർഷം മുമ്പ് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ച കടച്ചികുന്നിലും നാട്ടുകാര്‍ എതിര്‍പ്പിലാണ്. പരിസ്ഥിതി പ്രശ്നമുള്ള ഇവിടങ്ങളിലെ ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ മുപ്പൈനാട് പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരാണെന്നാണ് നാട്ടുകാരുടെ ആരോപണം. അനുമതി നല്‍കരുതെന്ന് സെക്രട്ടറിയോട് ആവശ്യപെട്ടിട്ടുണ്ടെന്നാണ് ഭരണസമിതി പറയുന്നത്.

വേങ്ങപ്പള്ളി വെള്ളമുണ്ട എന്നിവിടങ്ങളിലും പാറമടകള്‍ തുടങ്ങാന്‍ നീക്കം ആരംഭിച്ചു. ഇതോടെ നടപടികള്‍ക്കെതിരെ കളക്ട്രേറ്റിന് മുന്നില്‍ സാമൂഹ്യ അകലം പാലിച്ച് സമരം തുടങ്ങുന്നതിനെകുറിച്ച് വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകര്‍ ആലോചന തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios