Asianet News MalayalamAsianet News Malayalam

തൊടുപുഴയിലെ 15കാരിയെ ബം​ഗ്ലാദേശിലേക്ക് കടത്താൻ നീക്കം; ഇതരസംസ്ഥാന തൊഴിലാളിയെ കൊൽക്കത്തയിലെത്തി പിടികൂടി

പിന്തുടർന്ന് കൊൽക്കത്തയിലെത്തിയ തൊടുപുഴ പൊലീസ് അതിസാഹസികമായി പെൺകുട്ടിയെ രക്ഷപെടുത്തി. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂര്‍ഷിദാബാദ് സ്വദേശി സുഹൈല്‍ ഷെയ്ഖാണ് പെൺകുട്ടിയുമായി നാട്ടുവിട്ടത്. 

move to kidnap girl from thodupuzha to bangladesh out of state worker was arrested vcd
Author
First Published Apr 28, 2023, 11:53 PM IST

ഇടുക്കി: തൊടുപുഴയിലെ 15കാരിയെ, ബംഗാൾ സ്വദേശിയായ യുവാവ് പ്രണയം നടിച്ച് ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോയി. ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. പിന്തുടർന്ന് കൊൽക്കത്തയിലെത്തിയ തൊടുപുഴ പൊലീസ് അതിസാഹസികമായി പെൺകുട്ടിയെ രക്ഷപെടുത്തി. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂര്‍ഷിദാബാദ് സ്വദേശി സുഹൈല്‍ ഷെയ്ഖാണ് പെൺകുട്ടിയുമായി നാട്ടുവിട്ടത്. സുഹൈലിനെ അറസ്റ്റ് ചെയ്ത് തൊടുപുഴയിലെത്തിച്ചു. സുഹൈലിന് നാട്ടിൽ ഭാര്യയും മക്കളുമുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഏപ്രിൽ 22നാണ് തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനിയായ 15കാരിയേയും സുഹൈൽ ഷേഖിനേയും കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിന് പരാതി നൽകി. പെൺകുട്ടിയെ സുഹൈലാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പ്രാഥമിക അന്വേഷത്തിൽ തൊടുപുഴ പൊലീസിന് മനസിലായി. സുഹൈലിന്‍റെ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതോടെ ഇക്കാര്യം ഉറപ്പിച്ചു. ഇവർ കടന്നത് കൊൽക്കത്തയിലേക്കെന്നും ബോധ്യമായി. മൊബൈൽ ഫോൺ ഉപേക്ഷിച്ചിട്ടായിരുന്നു ഇരുവരും പോയതെന്നത് അന്വേഷണം ദുഷ്കരമാക്കി. വിട്ടുകൊടുക്കാൻ തൊടുപുഴ ഡിവൈഎസ്പിയും സംഘവും തയ്യാറായിരുന്നില്ല. പെൺകുട്ടിയുടെ രക്ഷിതാവിനെയും കൂട്ടി തൊടുപുഴ പൊലീസ് വിമാന മാർഗം ബുധനാഴ്ച കൊൽക്കത്തയിലേക്ക് പോയി. ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള മുര്‍ഷിദാബാദ് ജില്ലയില്‍ ഇവരുണ്ടെന്ന് പൊലീസ് മനസിലാക്കുന്നു.

പൊലീസ് കൊൽക്കത്തയിൽനിന്ന് മുർഷിദാബാദിലേക്ക് പോയി. സുഹൈൽ ഷെയ്ഖിന്‍റെ ബന്ധുവീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. പ്രതീക്ഷിച്ചതുപോലെ പെൺകുട്ടിയെ അവിടെനിന്ന് കിട്ടി. ഡോംഗോൾ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു നീക്കങ്ങൾ. പെൺകുട്ടിയെ അവിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. പിന്നെ പ്രതി സുഹൈൽ ഷെയ്ഖിനെ അയാളുടെ വീട്ടിൽ നിന്ന് പിടികൂടി. ഇയാളെ ബഹ്‌റാംപൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം തൊടുപുഴയിലുമെത്തിച്ചു.

പ്രതിക്ക് നാട്ടില്‍ വേറെ ഭാര്യയും മക്കളുമുണ്ടെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. സുഹൈൽ ഷെയ്ഖിന്‍റെ സുഹൃത്തുക്കൾ ബംഗ്ലാദേശിലുണ്ട്. പെൺകുട്ടിയുമായി അടുത്ത ദിവസം തന്നെ അങ്ങോട്ടേക്ക് പോകാനായിരുന്നു പദ്ധതി. 

Read Also: നിയന്ത്രണം വിട്ട കാറിടിച്ചു; ബൈക്കിൽ യാത്ര ചെയ്ത രണ്ടര വയസുകാരൻ മരിച്ചു, അമ്മയ്ക്ക് പരിക്ക്

Follow Us:
Download App:
  • android
  • ios