ഭോപ്പാല്‍: മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ ഹണിട്രാപ് കേസില്‍ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉന്നതരെ കുടുക്കാനായി കോളേജ് വിദ്യാര്‍ത്ഥികളെയാണ് ഹണിട്രാപിന് ഉപയോഗിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 24 കോളേജ് പെണ്‍കുട്ടികളെയാണ് ഹണിട്രാപ്പിനായി ഉപയോഗിച്ചതെന്ന് കേസിലെ പ്രധാന പ്രതിയായ ശ്വേത ജെയിന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. 

കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ കരാറുകള്‍ സ്വന്തമാക്കുകയും ലഭിച്ച കരാറുകള്‍ ലാഭകരമാക്കുകയുമായിരുന്നു ഹണിട്രാപ്പിന്‍റെ മുഖ്യ ലക്ഷ്യമെന്ന് പ്രതികള്‍ സമ്മതിച്ചു. ശ്വേതയും സഹായി ആരതി ദയാലും നടത്തിയിരുന്ന കമ്പനികള്‍ക്ക് കരാര്‍ ലഭിക്കുന്നതിനായിരുന്നു ഇവര്‍ ഉന്നത ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ പോലും ശ്വേത ജെയിന് സ്വാധീനമുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.

മക്കളുടെ പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികളെയാണ് ഉന്നത ഉദ്യോഗസ്ഥരടക്കം കൈക്കൂലിയായി ആവശ്യപ്പെട്ടത്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഉദ്യോഗസ്ഥരുടെ മുറിയിലെത്തിച്ചതെന്നും ശ്വേത ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സംഘത്തിലെ ഏറ്റവും ചെറുപ്പമായ 18കാരിയെയും ഇവര്‍ ഇത്തരത്തില്‍ കെണിയില്‍പ്പെടുത്തുകയായിരുന്നു.

കോളേജ് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് ശ്വേത, 18കാരിയെ വലയിലാക്കുന്നത്. സഹകരിച്ചാല്‍ ഇന്‍ഡോറില്‍നിന്ന് ഭോപ്പാലിലേക്ക് പോയി വരാനായി ഔഡി കാര്‍ ശ്വേത വാഗ്ദാനം ചെയ്തു. ശ്വേതയുടെ ആവശ്യത്തെ എതിര്‍ത്ത ഇവര്‍ സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍, ആരതി ദയാല്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മകളുടെ പഠന ചെലവ് എന്‍ജിഒ വഹിക്കുമെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച്  തിരിച്ചെത്തിച്ചു.  ഒരു ദിവസം ഉന്നത ഉദ്യോഗസ്ഥനുമായി ശ്വേത ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ആരതി തനിക്ക് എംഎംഎസ് കാണിച്ചു നല്‍കിയെന്നും ഉന്നതങ്ങളിലെത്താന്‍ ഇങ്ങനെയെല്ലാം ചെയ്യണമെന്ന് നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. 

സര്‍ക്കാര്‍ എന്‍ജിനീയര്‍ ഹര്‍ഭജന്‍ സിംഗിന് വേണ്ടി ചതിയിലൂടെയാണ് തന്നെ ഹോട്ടല്‍ റൂമില്‍ ആരതിയും സുഹൃത്തും എത്തിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ആഡംബര കാറില്‍ ആഡംബര ഹോട്ടലിലെത്തിച്ച തന്നെ ഒരു റൂമിലാക്കി ഇവര്‍ മുങ്ങുകയായിരുന്നു. പിന്നീട് 60 വയസ്സുകാരനായ ഹര്‍ഭജന്‍ സിംഗ് റൂമിലെത്തി. ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ സജ്ജീകരണമൊരുക്കിയതും ആരതിയാണെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെയാണ് ഇവര്‍ കെണിയില്‍പ്പെടുത്തിയത്.  

സാമ്പത്തികമായി താഴ്ന്നു നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വെച്ചിരുന്നത്. ആഡംബര ജീവിതം വാഗ്ദാനം ചെയ്താണ് ഇവര്‍ കോളേജ് പെണ്‍കുട്ടികളെ കെണിയിലാക്കിയിരുന്നത്. ഇതിന് പുറമെ, 40 കോള്‍ ഗേളുകളെയും ഇവര്‍ ഹണിട്രാപ്പിനായി ഉപയോഗിച്ചിരുന്നു. സംസ്ഥാനത്തെ 12 ഉന്നത ഉദ്യോഗസ്ഥരും എട്ടോളം മുന്‍മന്ത്രിമാരുമടക്കം നിരവധി പേരാണ് ഹണിട്രാപ്പില്‍ കുടുങ്ങിയത്. ഏകദേശം 4000ത്തോളം അശ്ലീല വീഡിയോ ഇവരില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.