കോഴിക്കോട്: മുക്കത്ത് ബ്ലാക്ക്‌മാന്‍ ഭീതിപരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചവർ അറസ്റ്റിലായി. ചെറുവാട് സ്വദേശികളായ അഷാദും അജ്മലുമാണ് പിടിയിലായത്. ഇവർക്കെതിരെ പോക്സോ ചുമത്തി. 

ലോക്ക് ഡൗണിന്‍റെ മറവിൽ ബ്ലാക്ക്‌മാൻ ഭീതിപരത്തുന്ന സംഭവം പലയിടത്തും റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലാക്ക്മാന്‍റെ പേരുപറഞ്ഞ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയവരും പിടിയിലായിരുന്നു. മുക്കത്തും സമാനമായ ബ്ലാക്ക്മാൻ ഭീതി ഉയർന്നതോടെയാണ് നാട്ടുകാർ തെരച്ചിൽ തുടങ്ങിയത്. പ്രദേശത്ത് രാത്രി കണ്ടെത്തിയ ബൈക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഷാദിലേക്കും അജ്മലിലേക്കും എത്തിയത്. 

നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് വശത്താക്കിയ പെൺകുട്ടികളെ ലോക്ക് ഡൗണിന്‍റെ മറവിൽ പീഡിപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചത്. മറ്റുള്ളവരുടെ ശ്രദ്ധ മാറ്റാൻ ബ്ലാക്ക്മാൻ ഭീതി ജനിപ്പിച്ചു. വിശദമായ അന്വേഷണവുമായി പൊലീസും രംഗത്തെത്തിയതോടെ പ്രതികളുടെ കള്ളക്കള്ളി പൊളിഞ്ഞു. 

Read more: ബ്ലാക്ക്‌മാന്‍ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം; മുക്കത്ത് ആളുകള്‍ ഒഴുകിയെത്തി; ഒടുവില്‍ യുവാവ് അറസ്റ്റിൽ

പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ സുഭദ്രാമ്മ മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വാട്സ്‌ആപ്പ് വീഡിയോ കോൺഫറൻസ് വഴിയാണ് ജഡ്ജി കേസ് പരിഗണിച്ചത്.

Read more: ആലപ്പുഴയില്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു