മുംബൈ: മുംബൈ-ദില്ലി വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മുംബൈ വ്യവസായിയെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. വ്യവസായി വികാസ് സച്ദേവിനെയാണ്(41) പോക്സോ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കുറ്റകൃത്യം നടക്കുമ്പോള്‍ നടിക്ക് 17 വയസ്സായിരുന്നു പ്രായം. സ്പെഷ്യല്‍ കോടതി ജഡ്ജി എ ഡി ദിയോയാണ് ശിക്ഷ വിധിച്ചത്. മുന്‍ നടിയടക്കമുള്ള ഏഴ് പേരെയാണ് കോടതി സാക്ഷിവിസ്താരം നടത്തിയത്. 

സംഭവത്തെ തുടര്‍ന്ന് നടി ഇന്‍സ്റ്റഗ്രാമിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരുന്നു. പാതിമയക്കത്തില്‍ തന്‍റെ തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വെളിപ്പെടുത്തി. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. താന്‍ ശവസംസ്കാര ചടങ്ങ് മടങ്ങുകയായിരുന്നുവെന്നും മാനസിക സമ്മര്‍ദ്ദത്താല്‍ ഉറങ്ങിയപ്പോള്‍ കാല്‍ അറിയാതെ അവരുടെ ശരീരത്തില്‍ തട്ടിയതാണെന്നും വ്യവസായിയുടെ ഭാര്യ കോടതിയില്‍ പറഞ്ഞെങ്കിലും വിലക്കെടുത്തില്ല.