മുംബൈ: വനിതാ തിരക്കഥാകൃത്തിന്റെ നമ്പറിലേക്ക് വീഡിയോ കോൾ വിളിച്ച ശേഷം അശ്ലീല പ്രവർത്തികൾ ചെയ്തതായി പരാതി. വെബ് ടെലിവിഷൻ പ്രോഗ്രാമുകൾക്ക് തിരക്കഥയെഴുതുന്ന പ്രമുഖ തിരക്കഥാകൃത്തിനാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. പ്രതി മുഖം മറച്ച് വീഡിയോ കോളിലൂടെ സ്വയംഭോഗം ചെയ്‌തെന്നും പരാതിയിലുണ്ട്.

സ്കൈപ് ആപ്ലിക്കേഷൻ വഴി വിളിച്ചാണ് പ്രതി അപമര്യാദയായി പെരുമാറിയത്. കോൾ കട്ട് ചെയ്ത ഉടൻ തിരക്കഥാകൃത്ത് മുംബൈ പൊലീസിനോട് ഇക്കാര്യം ട്വീറ്റ് വഴി അറിയിച്ചു. പിന്നീട് ഓൺലൈനായി കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനായി ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ യുവതി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. വെള്ളിയാഴ്ച വൈകിട്ട് 4.21 നാണ് പ്രതി വീഡിയോ കോൾ നടത്തിയതെന്ന് മൊഴിയിൽ പറയുന്നു. മുഖം വ്യക്തമായില്ലെന്നും പ്രതി തന്റെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

വീഡിയോ കോൾ വഴി ഇത്തരമൊരു കേസ് മുംബൈയിൽ രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509, ഐടി ആക്ടിലെ 67 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.