ഫോട്ടോഗ്രാഫറായ ഇയാളുടെ അടുത്ത് പോര്‍ട്ട് ഫോളിയോ ചെയ്യണമെന്ന ആവശ്യവുമായി മാന്‍സി സമീപിച്ചു. ക്യാമറ ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും മാന്‍സി സ്വന്തം ക്യാമറയുമായി വീട്ടിലേക്ക് വരാമെന്ന് സമ്മതിക്കുകയായിരുന്നു.
മുംബൈ: ലൈംഗികബന്ധം നിരസിച്ചതിന്‍റെ പേരില്‍ മുബൈ മോഡല്‍ മാന്‍സി ദീക്ഷിതിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതി. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. ലൈംഗികാരോപണം കെട്ടിച്ചമച്ചതാണെന്നും ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നുമാണ് കൗമാരക്കാരനായ പ്രതി സെയ്ദ് മുസമ്മില്‍ ആരോപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മുംബൈയിലെ ഒഷിവാരയിലുളള പ്രതിയുടെ ഫ്ലാറ്റില്‍ മാന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ മാനസിക വൈകല്യങ്ങളുള്ള ആളാണ്. ദേഷ്യം വരുമ്പോള്‍ ആളുകളെ ഉപദ്രവിക്കാറുണ്ട്. എന്നാല്‍ മാന്‍സിയുടേത് അപകടമരണമാണെന്നും കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇയാള്‍ പറയുന്നു.
സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മാന്‍സിയുമായി നല്ല അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. ഫോട്ടോഗ്രാഫറായ തന്‍റെ അടുത്ത് പോര്‍ട്ട് ഫോളിയോ ചെയ്യണമെന്ന ആവശ്യവുമായി മാന്‍സി സമീപിച്ചു. ക്യാമറ ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും മാന്‍സി സ്വന്തം ക്യാമറയുമായി വീട്ടിലേക്ക് വരാമെന്ന് സമ്മതിക്കുകയായിരുന്നു- മുസമ്മില്‍ പറയുന്നു.
ക്യാമറയില്ലാതെ മാന്‍സി വീട്ടിലെത്തിയതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. മാനസിക പ്രശ്‌നങ്ങള്‍ ഉള്ള മുസമ്മലിനെ പണം നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് മാന്‍സി ഭീഷണിപ്പെടുത്തി. വെല്ലുവിളിയില്‍ സമനില തെറ്റിയ മുസമ്മില്‍ മാന്‍സിയെ വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നെന്ന് ഇയാളുടെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ മാന്‍സി മരിച്ചതോടെ ഭയന്ന പ്രതി മൃതദേഹം പെട്ടിയിലാക്കുകയായിരുന്നെന്ന് വാദിഭാഗം ആരോപിച്ചു. മുസമ്മലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി.
