ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവിന്‍റെയും അനുയായികളുടെയും ആക്രമണത്തില്‍  ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ക്ക് ഗുരുതര പരിക്ക്.  ബിജെപി നേതാവും രാംനഗര്‍  പ‍ഞ്ചായത്ത് പ്രസിഡന്‍റുമായ സുഷീല്‍ പട്ടേലും അനുയായികളും ചേര്‍ന്ന് ചീഫ് മുനിസിപ്പല്‍ ഓഫീസറെയും സഹപ്രവര്‍ത്തകരെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു. കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ചയാണ് സംഭവം. പഞ്ചായത്ത് ഓഫീസില്‍ വടിയുമായി എത്തിയ പട്ടേലും ആറ് അനുയായികളും ചേര്‍ന്ന് ഓഫീസറെ തല്ലി പരിക്കേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചത് കോണ്‍ഗ്രസ് നേതാവ് ആണെന്നാണ് പട്ടേലിന്‍റെ ആരോപണം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍  പരിശോധിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് റിയാസ് ഇക്ബാല്‍ പറഞ്ഞു.