തിരുവനന്തപുരം: കിളിമാനൂര്‍ മടവൂരിൽ സൈനികനെയും വൃദ്ധമാതാവിനെയും ഭാര്യയെയും വാഹനമിടിച്ച് കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തിന്‍റെ ശ്രമം. മാരകായുധങ്ങളുമായി വീടുകയറി ആക്രമണം നടത്തിയ ശേഷമാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഘത്തെ ഏര്‍പ്പാടാക്കിയ അയൽവാസിയെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു

ഇന്നലൈ വൈകീട്ട് അഞ്ചു മണിയോടെ സംഭവം. പഴുവടി ജിഎസ് ഭവനിൽ സൈനികനായ ജി എസ് സ്വാതി, ഭാര്യ സരിഗ , അമ്മ ശ്യാമള എന്നിവരെയാണ് കാറിലെത്തിയ മൂന്നംഗം സംഘം വീടു കയറി ആക്രമിച്ചത്. മാരകായുധങ്ങളുമായി എത്തിയ സംഘം മൂവരെയും മര്‍ദ്ദിക്കുകയായിരുന്നു. ഭയന്ന് പുറത്തേയ്ക്ക് ഓടിയ സ്വാതിയെയും ഭാര്യയെയും അക്രമി സംഘം ആദ്യ കാറിടിപ്പിപ്പിച്ചു. 

മുന്നോട്ട് നീങ്ങിയ വാഹനം വീണ്ടും പിന്നിലേയ്ക്ക് എടുത്ത് ശ്യാമളെയെും ഇടിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശ്യാമള ഇപ്പോള്‍ വെഞ്ഞാറമൂട് സ്വകാര്യമെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സാരമായി പരിക്കേറ്റ സ്വാതിയെയും സരിഗയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാതിയുടെ വീടിന് മുന്നിൽ ടാറിടുന്നതിന് ചൊല്ലി സ്വാതിയും അയൽ വാസി ബാബുവും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് വീടുകയറി ആക്രണത്തിലും വധശ്രമത്തിലും കലാശിച്ചത്

ബാബു സദനത്തിൽ ബാബുവിനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തതത്. കാറിടിച്ച് കൊലപ്പെടുത്തണമെന്ന് നിര്‍ദേശിച്ചതും മൂന്നംഗസംഘത്തെ വിളിച്ചുവരുത്തിയതും ബാബുവാണെന്നാണ് പൊലീസ് കേസ്. കാറിലെത്തിവര്‍ക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.