Asianet News MalayalamAsianet News Malayalam

ഉന്നാവോ പെൺകുട്ടി അപകടത്തിൽ പെട്ട സംഭവം: ബിജെപി എംഎൽഎയ്ക്ക് എതിരെ കൊലക്കുറ്റം

പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകട നില തരണം ചെയ്തെന്നാണ് ഡോക്ടർമാർ പറയുന്നത്. അപകടത്തിന് പിന്നിൽ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് പെൺകുട്ടിയുടെ അമ്മയടക്കം ആരോപിച്ചിരുന്നു. 

murder case against bjp lawmaker kuldeep sengar after unnao rape survivor met with car crash
Author
Unnao, First Published Jul 29, 2019, 5:22 PM IST

ലഖ്‍നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി കാറപകടത്തിൽ പെട്ട സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന് എതിരെ കൊലക്കുറ്റം ചുമത്തി. എംഎൽഎയ്ക്ക് പുറമേ സഹോദരൻ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വാഹനാപകട കേസ് സിബിഐയ്ക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് നേരത്തേ ലഖ്‍നൗ ഡിഐജി വ്യക്തമാക്കിയിരുന്നു. സിബിഐ ഉദ്യോഗസ്ഥർ ഉന്നാവോയിലെത്തി, പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു. കേസ് ഉടൻ സിബിഐ ഏറ്റെടുത്തേക്കും. ഉന്നാവോയിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ കേസ് നിലവിൽ സിബിഐയാണ് അന്വേഷിക്കുന്നത്. ഇതിനോട് അനുബന്ധകേസായിത്തന്നെ വാഹനാപകടക്കേസും അന്വേഷിക്കുമെന്നാണ് വിവരം. 

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പെൺകുട്ടി അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ അറിയിക്കുന്നു. അതേസമയം, പെൺകുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അഭിഭാഷകൻ അതീവ ഗുരുതരാവസ്ഥയിലാണ്. 24 മണിക്കൂർ പിന്നിട്ടാലേ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്ന് ഡോക്ടർമാർ പറയുന്നു. ഇന്നലെ വൈകിട്ടോടെ റായ്‍ബറേലിയിൽ നടന്ന കാറപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു.

ഒറ്റനോട്ടത്തിൽ അപകടമാണന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. പക്ഷേ കേസിൽ ദുരൂഹതയുണർത്തുന്ന നിരവധി കാര്യങ്ങൾ ഇപ്പോഴുമുണ്ട്. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിലെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചിരുന്നു. ഇതെന്തുകൊണ്ട് എന്ന കാര്യത്തിൽ ഇതുവരെ പൊലീസിന് വ്യക്തത വന്നിട്ടില്ല. രണ്ട്, പെൺകുട്ടിയോടൊപ്പം 24 മണിക്കൂറും സഞ്ചരിക്കേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അപകടസമയത്ത് കാറിലുണ്ടായിരുന്നില്ല. പെൺകുട്ടിയുടെ കുടുംബം തന്നെ കാറിൽ സ്ഥലമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കൂടെ വരേണ്ടെന്നും പറയുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. നിലവിൽ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം പത്ത് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചെന്ന് ലഖ്‍നൗ ഡിഐജി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അപകടത്തിന് പിന്നിൽ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളും തന്നെയാണെന്ന് പെൺകുട്ടിയുടെ കുടുംബം ആവർത്തിക്കുന്നു. പല തവണ എംഎൽഎയുടെ കൂട്ടാളികൾ കോടതിയിൽ വച്ചും പുറത്തും ഭീഷണി മുഴക്കിയെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ജയിലിലാണെങ്കിലും എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്‍റെ പക്കൽ ഫോണുണ്ടെന്നും എല്ലാ കാര്യങ്ങളും എംഎൽഎ നിയന്ത്രിക്കുന്നത് ഫോൺ വഴിയാണെന്നും പെൺകുട്ടിയുടെ സഹോദരി ആരോപിക്കുന്നു. 

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ ബലാത്സംഗം ചെയ്തെന്നാണ് സിബിഐയുടെ കണ്ടത്തൽ. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവോ ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്.

ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് കുൽദീപ് സെംഗാറിന്‍റെ സഹോദരൻ അതുൽ സെംഗാറും കൂട്ടാളികളും പെൺകുട്ടിയുടെ അച്ഛനെ ക്രൂരമായ മർദ്ദിച്ചിരുന്നു. ഈ മർദ്ദനം നേരിട്ട് കണ്ട, സാക്ഷിയായ ഒരാളും ദൂരൂഹമായ സാഹചര്യത്തിൽ മരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios