കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സിഐടിയുക്കാർ അറസ്റ്റിൽ. സിഐടിയു നേതാക്കളായ ബോസ്, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ കൈയ്യേറ്റ ശ്രമം നടന്നത്. മനോരമ ന്യൂസിന്‍റെ ചാനൽ ക്യാമറ അടിച്ചു പൊട്ടിക്കാൻ ശ്രമിച്ച സമരക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. 

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം  മുത്തൂറ്റ് ഫിനാന്‍സിന്‍റെ മൂന്ന് ജില്ലകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങളിലെ  ജീവനക്കാരാണ് ആക്രമിക്കപ്പെട്ടത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ മുത്തൂറ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. കോട്ടയത്തെ ഓഫീസിന് മുന്നില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ സംഘം. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമണങ്ങളുണ്ടായത്. അറസ്റ്റ് ചെയ്തവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.