ഇടുക്കി: വാഗമണിലെ ഭൂമിതട്ടിപ്പിൽ പട്ടയ ഉടമയായി കാണിച്ച യുവതിയുടെ മരണത്തിൽ എട്ട് വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം. ഒരു തുണ്ടുഭൂമി പോലുമില്ലാത്ത ഉളുപ്പുണി സ്വദേശി ജെസ്സി മൂന്നേക്കർ സ്ഥലം വിറ്റതിലും തുടർന്നുള്ള ഇവരുടെ മരണത്തിലും അസ്വഭാവികത കണ്ടതോടെയാണ് നടപടി. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്.

2012 ഡിസംബർ പതിനൊന്നിനായിരുന്നു വാഗണ് ഉളുപ്പുണിയിലെ തോട്ടംതൊഴിലാളിയായ ജെസ്സിയുടെ മരണം. ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് ഭർത്താവുൾപ്പടെയുള്ളവർ പറഞ്ഞത്.അസ്വഭാവികത തോന്നാത്തതിനാൽ പോസ്റ്റുമോർട്ടം ഉണ്ടായില്ല.റാണിമുടി എസ്റ്റേറ്റിലെ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് ജെസ്സിയിലേക്കെത്തുന്നത്. 

കേസിൽ ആരോപണവിധേയനായ എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ പതിനഞ്ച് വ്യാജ പട്ടയങ്ങളുണ്ടാക്കിയിരുന്നു.അതിലൊന്ന് ജെസ്സിയുടെ പേരിലാണ്. ഇതേ വർഷം ജനുവരിയിൽ മൂന്നേക്കർ സ്ഥലം ജെസ്സി തനിക്ക് വിറ്റെന്നാണ് ജോളി സ്റ്റീഫൻ പറയുന്നത്.എന്നാൽ ജെസ്സിയുടെ പേരിൽ ഒരു തുണ്ട് ഭൂമി പോലും ഇല്ലെന്ന് ബന്ധുക്കൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇതോടെ മരണത്തെക്കുറിച്ചും സംശയമായി

ജെസ്സിയുടെ ഭർത്താവ് മുരുകൻ ഉൾപ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്താൽ നിജസ്ഥിതി പുറത്തുവരുമെന്നാണ് സഹോദരൻ പറയുന്നത്. അതേസമയം ഇതേക്കുറിച്ചൊന്നും അറിയില്ലെന്നാണ് മുരുകന്റെ മറുപടി. 

വാഗമണ്ണിൽ 55 ഏക്കർ സർക്കാർ ഭൂമി കയ്യേറിയ കേസിലും പ്രതിയാണ് റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ. ഇതിലും റവന്യു-ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.