കടമ്പാട്ട് കോണത്ത് മത്സ്യമാര്‍ക്കറ്റില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായ നന്ദുവിനെയാണ് പള്ളിക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

തിരുവനന്തപുരം: കടമ്പാട്ട് കോണത്ത് മത്സ്യമാര്‍ക്കറ്റില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായ നന്ദുവിനെയാണ് പള്ളിക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും ലഹരിമരുന്നും പിടിച്ചെടുത്തു

ഇക്കഴിഞ്ഞ മുപ്പതിന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം.മത്സ്യമാര്‍ക്കറ്റില്‍ തിരക്കുള്ള സമയത്ത് എത്തിയ നന്ദു ഇവിടത്തെ ഒരു സ്ഥാപനത്തില്‍ നിന്ന് 35000 രൂപാ മോഷ്ടിച്ചു. ഓവര്‍ കോട്ടും ഹെല്‍മറ്റും ധരിച്ചെത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞു. ഒളിവില്‍ പോയ നന്ദുവിനെ ഇന്ന് ചടയമംഗലത്ത് നിന്നാണ് പിടികൂടിയത്.

ഇയാളുടെ പക്കല്‍ നിന്നും ഏഴ് ഗ്രാം എംഡിഎംഐയും പിടിച്ചെടുത്തു. ലഹരിമരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷം രൂപാ വിലവരും. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ നന്ദു ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നതായും തെളിഞ്ഞു.മോഷണം, പോക്സോ ഉള്‍പ്പടെ 60 കേസുകളില്‍ പ്രതിയാണ് നന്ദു.

അടുത്തിടെ കല്ലമ്പലത്തെ മെഡിക്കല്‍ സ്റ്റോറില്‍ നടന്ന മോഷണവും ചടയമംഗലത്തെ നാല് സ്കൂളുകളില്‍ നിന്ന് നിരവധി ലാപ്ടോപുകൾ മോഷണം പോയതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന്‍റെ മകനാണ് നന്ദു.

കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് 

പാലക്കാട്: കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ കെഎസ്ആര്‍ർടി ബസ്സിടിച്ച് മരിച്ച സംഭവത്തില് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാക്ഷിമൊഴികളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി. തുടരന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മരിച്ച ആദര്‍ശ് മോഹന്‍റെ അച്ഛന്‍ പ്രതികരിച്ചു.

സാധാരണ അപകടമായി അവസാനിച്ചേക്കുമായിരുന്നു രണ്ട് യുവാക്കളുടെ മരണത്തില്ർ നിര്‍ണായകമായത് വീഡിയോ ദൃശ്യങ്ങളാണ്. കുഴല്‍ മന്ദത്ത് ദേശീയ പാതയില്‍ ഫെബ്രുവരി ഏഴിനാണ് രണ്ടു യുവാക്കളുടെ ജീവനെടുത്ത അപകടമുണ്ടായത്. 304 എ ചുമത്തി കേസെടുത്ത് ബസ് ഡ്രൈവര്‍ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ തുടരന്വേഷണം ആവശ്യപ്പെട്ട് മരിച്ച യുവാക്കളുടെ മാതാപിതാക്കള്‍ രംഗത്തെത്തി. 

മൂന്നു ദൃക്സാക്ഷികൾ നല്‍കിയ മൊഴിയുടെയും സംഭവ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഐപിസി 304 വകുപ്പ് കൂട്ടിച്ചേര്‍ത്തത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പാലക്കാട് ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എം. സുകുമാരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. പുതിയ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്ന് ആദര്‍ശ് മോഹന്‍റെ പിതാവ് മോഹന്‍കുമാര്‍ പ്രതികരിച്ചു. ബസ് ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പ് ഇപ്പോള്‍ സസ്പന്‍ഷനിലാണ്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കിയിട്ടുമുണ്ട്.