Asianet News MalayalamAsianet News Malayalam

ലഹരിക്കടത്തിന് കൊറിയർ സർവ്വീസും, വനിതാ ഹോസ്റ്റലുകളിൽ ലഹരിയെത്തിക്കുന്നത് യുവാക്കൾ

നവമാധ്യമ കൂട്ടായ്മകളിൽ നിന്നുതന്നെയാണ് ഭൂരിഭാഗം പേരും ഇടനിലക്കാരെ കണ്ടെത്തുന്നത്. ആവശ്യമുള്ള സാധനങ്ങളുടെ കോ‍ഡും പണവും കൈമാറിയാൽ പറയുന്ന സ്ഥലത്ത് സാധനം സുരക്ഷിതമായി എത്തിക്കും.
 

narcotics widely spread among women
Author
Kozhikode, First Published Mar 4, 2021, 11:33 AM IST

കോഴിക്കോട്: ലോക്ഡൗണ്‍ കാലത്ത് ലഹരിമരുന്നുകള്‍ അതിർത്തി കടത്താന്‍ പുതുവഴികള്‍ തേടുകയാണ് ലഹരി കടത്ത് സംഘങ്ങള്‍. കൊറിയർ സർവീസുകളാണ് ലഹരി കടത്താൻ ഉപയോഗിക്കുന്ന പ്രധാന മാർഗമെന്ന് എക്സൈസ് പറയുന്നു. സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലേക്കും ഷോർട്ട് സ്റ്റേ ഹോമുകളിലേക്കും ഇത്തരത്തില്‍ ലഹരി എത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്ത്രീകളുടെ കൈകളിൽ ലഹരി എത്തിക്കുന്നത് ഇടനിലക്കാരായ പുരുഷൻമാരാണ്. ഇരുപത്തിയഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നതിൽ കൂടുതൽ. നവമാധ്യമ കൂട്ടായ്മകളിൽ നിന്നുതന്നെയാണ് ഭൂരിഭാഗം പേരും ഇടനിലക്കാരെ കണ്ടെത്തുന്നത്. ആവശ്യമുള്ള സാധനങ്ങളുടെ കോ‍ഡും പണവും കൈമാറിയാൽ പറയുന്ന സ്ഥലത്ത് സാധനം സുരക്ഷിതമായി എത്തിക്കും.

കോഫീ ഷോപ്പുകൾ, ബസ് സ്റ്റാന്‍റ്, ബീച്ച്, മാർക്കറ്റുകൾ, ഷോപ്പിംങ് മാളുകൾ, കോളേജ് ക്യാമ്പസ്സുകൾ തുടങ്ങി കൂടുതൽ ആളുകൾ എത്തുന്ന സ്ഥലങ്ങളാണ് നേരിട്ടുള്ള ലഹരി കൈമാറ്റത്തിനായി പ്രധാനമായും തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ. വിവിധ പാർസൽ സർവീസുകളെ ആശ്രയിച്ചാണ് ഹോസ്റ്റലുകളിലേക്കും ഷോർട്ട് സ്റ്റേ ഹോമുകൾ അടക്കമുള്ള വിവിധ താമസസ്ഥലങ്ങളിലേക്കും ലഹരി എത്തിക്കുന്നത്. 

സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷണപദാർത്ഥങ്ങൾ, പുസ്തകങ്ങൾ എന്നിവയാണ് ലഹരി വസ്തുക്കൾ ഒളിപ്പിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. ലഹരി സുരക്ഷിതമായി കേരളത്തിൽ എത്തിക്കാന് മാഫിയകൾ കൂടുതലായും ഉപയോഗിക്കുന്നതും പാർസൽ സർവീസുകളെയാണ്. വിവിധ ലഹരി ഉത്പന്നങ്ങൾ മുതൽ ശസ്ത്രക്രിയക്കായി ആളുകളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾവരെ പാർസൽ മാർഗം സുഗമമായി അതിർത്തി കടന്ന് എത്തുന്നുണ്ട്.

തമിഴ്നാട്ടിലെ ഗോഡൗണുകളിൽ നിന്നാണ് കേരളത്തിലെ ലഹരി വിൽപ്പനക്കാർ വൻ തോതിൽ കഞ്ചാവ് ശേഖരിക്കുന്നത്. എംഡിഎംഎ, എൽഎസ്ഡി, നൈട്രോസെപാം തുടങ്ങിയ വിവിധ മരുന്നുകൾ ഇവയുടെ പ്രധാന ഉത്പാദന കേന്ദ്രങ്ങളായ ഗോവ, മുംബൈ, ബെംഗളൂരൂ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. 

ഇത്തരം ലഹരിവസ്തുക്കൾ കടത്താൻ കേരളത്തിന് പുറത്ത് പഠിക്കുന്ന മലയാളി പെൺകുട്ടികളെ കാരിയർമാരാക്കുന്ന സംഘങ്ങളും സജീവം. പെൺകുട്ടികളുമായി അടുപ്പമുള്ള ചെറുപ്പക്കാരുടെ സഹായത്തോടെയാണ് ലഹരിമാഫിയ പെൺകുട്ടികളെ സമീപിക്കുന്നത്. നാട്ടിലേക്ക് വരുമ്പോൾ ലഗേജിനൊപ്പം ലഹരി കടത്താൻ തയ്യാറായാൽ യാത്രാ ചെലവ് ലഹരിമാഫിയ വഹിക്കും ചെറിയ തുക പോക്കറ്റ് മണിയായും നൽകും.

Follow Us:
Download App:
  • android
  • ios