ബെംഗളൂരുവില്‍ കോടികളുടെ വമ്പന്‍ ലഹരിവേട്ട, പിടിച്ചെടുത്തവയില്‍ പുതിയയിനം ലഹരിയും, പിടിയിലായവരില്‍ മലയാളികളും
ലഹരിവസ്തുക്കളുടെ വ്യാപാരത്തിന്‍റെ വേരറക്കാനും വിതരണക്കാരെ പിടികൂടാനുമായി ഇത്തരം പ്രത്യേക പരിശോധനകള്‍ തുടരുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു.

ബെംഗളൂരു: ബംഗളൂരു പോലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ (സിസിബി) ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ ലഹരിവസ്തുക്കള്‍. ബംഗളൂരുവിലെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡില്‍ 7.83 കോടി രൂപ വിലമതിക്കുന്ന അതിമാരകമായ മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതുവരെ നടന്നവയില്‍ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിതെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. പിടിച്ചെടുത്തവയില്‍ മെഫെഡ്രോണ്‍ ലഹരിമരുന്ന് കര്‍ണാടകയില്‍ ആദ്യമായാണ് കണ്ടെത്തുന്നത്.
സംഭവത്തില്‍ നാലു മലയാളികളും മൂന്നു വിദേശികളും ഉള്‍പ്പെടെ 14 പേരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ നാലുപേര്‍ ഒഡീഷ സ്വദേശികളും മൂന്നുപേര്‍ ബെംഗളൂരു സ്വദേശികളുമാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ബെംഗളൂരുവിലെ വര്‍ത്തൂര്‍, ബനശങ്കരി, വിദ്യാരണ്യപുര, കോട്ടണ്‍പേട്ട്, കാഡുഗോഡി എന്നീ സ്റ്റേഷന്‍ പരിധികളിലായി ഏഴു കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഈ ഏഴുകേസുകളിലായാണ് 14 പേര്‍ പിടിയിലായത്. ഒരാഴ്ചയോളം വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡിനൊടുവിലാണിപ്പോള്‍ പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇവരില്‍ നിന്ന് 182 കിലോഗ്രാം കഞ്ചാവ്, 1.45 കിലോഗ്രാം ഹാഷിഷ് ഓയില്‍, 16.2 ഗ്രാം എം.ഡി.എം.എ., 135 എക്‌സ്റ്റസി ഗുളികകള്‍, ഒരു കിലോഗ്രാം മെഫെഡ്രോണ്‍ പൗഡര്‍, 870 ഗ്രാം മെഫെഡ്രോണ്‍ ക്രിസ്റ്റല്‍, 80 ഗ്രാം കൊക്കെയ്ന്‍, 155 ഗ്രാം എം.ഡി.എം.എ എക്‌സ്റ്റസി പിങ്ക് പൗഡര്‍, 65 ഗ്രാം എം.ഡി.എം.എ എക് സ്റ്റസി ബ്രൗണ്‍ പൗഡര്‍ എന്നിവയാണ് ആകെ പിടിച്ചെടുത്തത്.
എട്ടു മൊബൈല്‍ ഫോണുകള്‍, രണ്ടു കാറുകള്‍, ഒരു സ്‌കൂട്ടര്‍, തൂക്കം നോക്കുന്ന യന്ത്രങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ നൈജിരീയന്‍ പൗരനായ ടൊചുക്വ ഫ്രാന്‍സിസ് ആണ് മെഫെഡ്രോണ്‍ എത്തിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുണി ഇസ്തിരിയിടാന്‍ ഉപയോഗിക്കുന്ന ടേബിളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ലഹരിവസ്തുക്കള്‍ എത്തിച്ചിരുന്നത്. ഒരുതവണ നിരവധി ടേബിളുകളാണ് ഇറക്കുമതി ചെയ്തിരുന്നത്. ടേബിള്‍ അടക്കമാണ് നല്‍കിയാണ് ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത്.ലഹരിവസ്തുക്കളുടെ വ്യാപാരത്തിന്‍റെ വേരറക്കാനും വിതരണക്കാരെ പിടികൂടാനുമായി ഇത്തരം പ്രത്യേക പരിശോധനകള്‍ തുടരുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു.
\