ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ നരേന്ദ്ര ഗിരിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ദില്ലി: ആത്മീയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണയ്ക്ക് നരേന്ദ്ര ഗിരിയുടെ ശിഷ്യൻ ആനന്ദ് ഗിരിക്കെതിരെയാണ് കേസ്. നരേന്ദ്ര ഗിരിയുടെ അടുത്ത ശിഷ്യനായ ആനന്ദ് ഗിരിയെ സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ഹരിദ്വാറില്‍ നിന്നാണ് യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ പേര് 

നരേന്ദ്ര ഗിരി എഴുതിയ ആത്മഹത്യ കുറിപ്പിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.അതേ സമയം പൊലീസ് കസ്റ്റഡിയിലാകും മുന്‍പ് ആജ് തക്കിനോട് പ്രതികരിച്ച ആനന്ദ് ഗിരി, നരേന്ദ്ര ഗിരി ഒരിക്കലും ആത്മഹത്യ ചെയ്യുന്ന വ്യക്തിയല്ലെന്നാണ് പ്രതികരിച്ചത്. ഇതില്‍ തനിക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, ശരിയായ അന്വേഷണം നടക്കണമെന്നും ആനന്ദഗിരി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ നരേന്ദ്ര ഗിരിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വൈകീട്ട് നരേന്ദ്ര ഗിരിയെ പുറത്ത് കാണാത്തതിനാല്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതായപ്പോള്‍. കിടപ്പുമുറി വാതില്‍ തകര്‍ന്ന് ശിഷ്യന്മാര്‍ അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടത്.

അതേ സമയം അദ്ദേഹം വളരെ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് ആത്മഹത്യ കുറിപ്പ് വായിച്ചപ്പോള്‍ മനസിലായത്. തന്‍റെ മരണത്തിന് ശേഷം ശിക്ഷ്യന്മാര്‍ ആശ്രമം നടത്തണമെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്' - പ്രയാഗ് രാജിലെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കെപി സിംഗ് പറഞ്ഞു. 

അതേ സമയം മറ്റൊരു വെളിപ്പെടുത്തലില്‍ നരേന്ദ്ര ഗിരിയുടെ മറ്റൊരു ശിഷ്യനായ നിര്‍ഭയ് ദിവേദിയുടെ വാക്കുകള്‍ പ്രകാരം. ആത്മഹത്യയ്ക്ക് തൊട്ട് മുന്‍പ് നരേന്ദ്ര ഗിരി ഒരു വീഡിയോ സന്ദേശം റെക്കോഡ് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇത്ന പൊലീസിന്‍റെ കയ്യിലുണ്ടെന്നും അവര്‍ ഇതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.

നരേന്ദ്ര ഗിരിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona