ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററില്‍ പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് പതിനാലുകാരി ആത്മഹത്യ ചെയ്തെന്ന് റിപ്പോര്‍ട്ട്. അസമിലെ ദരാങ് ജില്ലയിലെ രൗമരി സ്വദേശി നൂര്‍ നഹാര്‍ ബീഗം ആണ് മരിച്ചത്. 

കഴിഞ്ഞ  വര്‍ഷം അസം സര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ കരട് പട്ടികയില്‍ പെണ്‍കുട്ടിയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. രണ്ടാമത് പുറത്തുവന്ന പട്ടികയിലും പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് അതീവ ദു:ഖിതയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇപ്പോള്‍ പുറത്തുവന്നത് അവസാന പട്ടികയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആത്മഹത്യ. എന്നാല്‍ ഇതുവരെ പേര് ചേര്‍ക്കാത്തവരെ കൂടി ഉള്‍പ്പെടുത്തി ജൂലൈ 31- ന് മറ്റൊരു പട്ടിക കൂടി പ്രസിദ്ധീകരിക്കാനുണ്ട്. ഈ വിവരം അറിയാമായിരുന്നെങ്കില്‍ പെണ്‍കുട്ടി ആത്മഹത്യ  ചെയ്യില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയതില്‍ കുഴപ്പങ്ങളുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ട രീതിയില്‍ അവബോധം നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും അസം മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ നേതാവ് അബ്ദുള്‍ ഹായി അറിയിച്ചു. എന്നാല്‍  പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി പൗരത്വ രജിസ്റ്ററിന് ബന്ധമില്ലെന്ന് ജരാങ് ജില്ലാ പൊലീസ് സൂപ്രണ്ട് അമൃത് ഭുയാന്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.