എട്ട് കിലോ ഹെറോയിനും ഒരു കിലോ കൊക്കെയ്നുമാണ് കണ്ടെത്തിയത്. വിപണിയില്‍ കോടികള്‍ വിലവരുന്ന ലഹരിമരുന്നാണ് ഇതെന്നാണ്  എന്‍സിബി അധികൃതര്‍ 

ദില്ലി വിമാനത്താവളത്തില്‍ നിന്ന് വിദേശ വനിതകള്‍ അടക്കമുള്ളവരില്‍ നിന്ന് പിടികൂടിയത് കോടികള്‍ വിലവരുന്ന കൊക്കെയ്നും ഹെറോയിനും. ഉഗാണ്ടയില്‍ നിന്ന് എത്തിയ രണ്ട് വനിതകളും നൈജീരിയയില്‍ നിന്നുള്ള ഒരു പുരുഷനുമാണ് പിടിയിലായത്. ദില്ലി സോണല്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു വലിയ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയത്.

ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എട്ട് കിലോ ഹെറോയിനും ഒരു കിലോ കൊക്കെയ്നുമാണ് കണ്ടെത്തിയത്. വിപണിയില്‍ കോടികള്‍ വിലവരുന്ന ലഹരിമരുന്നാണ് ഇതെന്നാണ് എന്‍സിബി അധികൃതര്‍ വിശദമാക്കുന്നത്. ഡിസംബറില്‍ നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്‍റഎ പിടിയിലായ ഒരാളില്‍ നിന്നുള്ള വിവരമാണ് വന്‍ ലഹരിമരുന്ന് വേട്ടയ്ക്ക് വഴിതെളിച്ചത്. ഡിസംബറില്‍ പിടിയിലായ ആളില്‍ നിന്ന് അഞ്ചരകിലോ ഹെറോയിനായിരുന്നു കണ്ടെത്തിയത്.

ഇയാള്‍ നല്‍കിയ വിവരങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചതാണ് എന്‍സിബിയുടെ നേട്ടത്തിന് പിന്നില്‍. ഉഗാണ്ട സ്വദേശിനികളായ 42കാരിയായ ജാസെന്‍റ് നാകാലുംഗിയും 28കാരിയായ ഷെരീഫ നാമാഗാണ്ടയും ബന്ധുക്കളാണ്. നാമാഗാണ്ടയുടെ ചികിത്സയ്ക്ക് വേണ്ടി ഇന്ത്യയില്‍ എത്തിയതെന്നായിരുന്നു ഇവരുടെ വാദം. ഇരുവരുടെ പക്കലുണ്ടായിരുന്നത് മെഡിക്കല്‍ വിസയുമായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമാണ് നൈജീരിയന്‍ സ്വദേശി കിംഗ്സ്ലിയെ പടികൂടാന്‍ എന്‍സിബിയെ സഹായിച്ചത്.

തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ അനധികൃതമായി നിര്‍മ്മിക്കുന്നതാണ് ഈ ലഹരി വസ്തുക്കളെന്നാണ് റിപ്പോര്‍ട്ട്. ഈ മാര്‍ഗ്ഗത്തില്‍ ഇതിലും കൂടിയ അളവില്‍ ലഹരിമരുന്ന് കടത്തപ്പെടുന്നുണ്ട് എന്നതിന്‍റെ തെളിവാണ് ഇവരുടെ അറസ്റ്റെന്നാണ് എന്‍സിബി ഈ സംഭവത്തെ വിശദീകരിക്കുന്നത്.