നെടുമങ്ങാട് ആള് മാറി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി. അഴിക്കോട് സ്വദേശി മാലിക്കാണ് മർദ്ദനത്തിരയായത്. മർദ്ദനത്തിന് ശേഷം മാലിക്കിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയിട്ടിട്ടും നടപടിയെടുക്കാതെ അക്രമികളെ പൊലീസ് വിട്ടയച്ചെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം: നെടുമങ്ങാട് ആള് മാറി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി. അഴിക്കോട് സ്വദേശി മാലിക്കാണ് മർദ്ദനത്തിരയായത്. മർദ്ദനത്തിന് ശേഷം മാലിക്കിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയിട്ടിട്ടും നടപടിയെടുക്കാതെ അക്രമികളെ പൊലീസ് വിട്ടയച്ചെന്നും ആരോപണമുണ്ട്.
ഇന്നലെ രാവിലെ കോഴിക്കടയിലെ ജോലിക്കെത്തിയപ്പോഴാണ് മാലിക്കിനെ തട്ടിക്കൊണ്ടുപോയത്. ബൊലെറോ കാറിൽ എത്തിയ സംഘം മാലിക്കിനെ തട്ടിക്കൊണ്ടുപോയി കിലോമീറ്ററുകളോളം സഞ്ചരിച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ഐടിഐ വിദ്യാർത്ഥിയാണ് മാലിക്ക്. അഴിക്കോട് സ്വദേശികളായ സുനീർ, സുൽഫി എന്നിവർക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി സുൽഫിയുടെ കട ഒരു സംഘം ആക്രമിച്ചിരുന്നു. മകളുടെ ഭർത്താവിനും കൂട്ടാളികൾക്കുമെതിരെ സുൽഫി നെടുമങ്ങാട് പൊലീസിൽ പരാതിയും നൽകിയിരുന്നു.
ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണെന്ന് ആരോപിച്ചാണ് മാലിക്കിനെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച് അവശനാക്കിയതിന് ശേഷം, കേസിലെ പ്രതിയാണെന്നും പറഞ്ഞ് മാലിക്കിനെ നെടുമങ്ങാട് എസ്ഐയ്ക്ക് മുന്നിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ട്, അക്രമികളെ പൊലീസ് വിട്ടയച്ചെന്നാണ് മാലിക്കും ബന്ധുക്കളും പറയുന്നത്. മർദ്ദനത്തിനിരയായ മാലിക്കിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ, അവിടെ വച്ചും അക്രമികൾ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ് മാലിക്കിപ്പോൾ. നെഞ്ചിനും മുഖത്തും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സുൽഫിയും സുനീറും ഉൾപ്പെടെ നാല് പേർക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പൊലീസ് കേസെടുത്തിട്ടുണ്ട്. മാലിക്കിനെ സ്റ്റേഷനിൽ അല്ല എത്തിച്ചതെന്നും റോഡിലാണ് അക്രമികൾ ഇറക്കിവിട്ടതെന്നുമാണ് പൊലീസ് വിശദീകരണം.
