ഇടുക്കി: നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെ കുരുക്കിലാക്കുന്ന കൂടുതൽ മൊഴികൾ പുറത്ത്. പൊലീസുകാർ തന്‍റെ മകനെ ക്രൂരമായി മർദ്ദിച്ചെന്ന് അമ്മ കസ്തൂരി മാധ്യമങ്ങളോട് പറ‍ഞ്ഞു. ഇത്ര വലിയ തട്ടിപ്പ് നടത്താനുള്ള അറിവോ വിദ്യാഭ്യാസമോ തന്‍റെ ഭർത്താവിനില്ലെന്ന് ഭാര്യയായ വിജയമ്മ നേരത്തേ പറഞ്ഞിരുന്നു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ രാജ്‍കുമാറിനെ വലിയ വടി കൊണ്ട് തലങ്ങും വിലങ്ങും തല്ലിയെന്നാണ് അയൽവാസിയായ രാജേന്ദ്രൻ ആരോപിക്കുന്നത്.

അമ്മ പറയുന്നത് ..

''മരിച്ച് രണ്ട് ദിവസം കഴിഞ്ഞ പോലെയാണ് അവന്‍റെ മൃതദേഹം ഞാൻ കണ്ടത്. അതുപോലെ വീർത്താണ് ഇരുന്നത്. മാത്രമല്ല, മുന്നിലെ രണ്ടു പല്ലിൽ ഒന്നും ഇല്ലായിരുന്നു. അടിച്ചിട്ട് കൊഴിഞ്ഞു പോയതാണ്. രാത്രിയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. അപ്പോ അയൽവാസികളേ കണ്ടുള്ളൂ. അവരൊക്കെ കണ്ടതാണ് ജീപ്പിന് പിന്നിൽ വച്ച് അവനെ അടിക്കുന്നത്'', രാജ്‍കുമാറിന്‍റെ അമ്മ കസ്തൂരി പറയുന്നു. 

ഭാര്യ പറയുന്നത് ..

''ഭർത്താവ് മരിച്ചതെങ്ങനെയാണെന്നതിൽ എനിക്ക് ഇപ്പോഴും സംശയമുണ്ട്. അതിൽ ഞാനും കുട്ടികളും അമ്മയും പരാതി കൊടുത്തിട്ടുണ്ട്. ഇതിൽ പാർട്ടിക്കാരുടെ ഭീഷണിയില്ല. ക്രൈംബ്രാഞ്ച് ഇവിടെ വന്ന് തെളിവെടുത്ത് പോയി. സമീപവാസികളൊക്കെ കണ്ടതാണ് എന്‍റെ ഭർത്താവിനെ മർദ്ദിച്ച് കൊണ്ടുപോകുന്നത്. നാല് ദിവസം പൊലീസ് കസ്റ്റഡിയിലിരുന്ന് മർദ്ദനമേറ്റിട്ടുണ്ട്. അങ്ങനെയാണ് മരണം സംഭവിച്ചത്'', എന്ന് രാജ്‍കുമാറിന്‍റെ ഭാര്യ വിജയമ്മ.

മൃതദേഹം മുഴുവനായി കുടുംബത്തെ കാണിച്ചിരുന്നില്ലെന്നാണ് ഭാര്യ വിജയമ്മ പറയുന്നത്. മൃതദേഹത്തിൽ തൊടാൻ അനുവദിച്ചില്ല. മുഖം മാത്രം കാണിച്ച് തന്ന് കൊണ്ടുപോയി. തന്‍റെ ഭർത്താവിന് കൂലിപ്പണിയായിരുന്നു എന്ന് വിജയമ്മ പറയുന്നു. വീട്ടിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുവന്നപ്പോൾ മാത്രമേ ഭർത്താവിനെതിരെ കേസുണ്ടെന്ന വിവരം അറിഞ്ഞുള്ളൂ എന്നും വിജയമ്മ പറയുന്നു. 

അയൽവാസി പറയുന്നത് ..

അയൽവാസികൾ രാജ്‍കുമാറിനെ കുമാരൻ എന്നാണ് വിളിച്ചിരുന്നത്. ''കുമാരനെയും കൊണ്ടാ പൊലീസുകാർ വന്നത്. വന്നയുടനെ വണ്ടിയുടെ പിന്നിൽ നിന്ന് ഒരു സാറ്, ഒരു വടി കൊണ്ട്, അത് തടിയാണോ ഇരുമ്പാണോ എന്ന് അറിയുകേല, അത് വച്ച് തല്ലി. തലങ്ങും വിലങ്ങും തല്ലി. മൂന്നടി നീളമുണ്ട്. കാലിന് താഴെയൊക്കെ അടിച്ചു. മുന്നിലിരുന്ന ഒരു പൊലീസുകാരൻ വന്ന് കുനിച്ചു നിർത്തി ഇടിച്ചു. അത് കഴിഞ്ഞ് വീട്ടിലെത്തിച്ച് തിരിച്ചുകൊണ്ടു പോകുന്ന വഴി അവര് ജീപ്പിന് പിന്നിലേക്ക് എടുത്തെറിയുകയായിരുന്നു. അയ്യോന്ന് പറഞ്ഞ് കുമാരൻ കാറി വിളിച്ചു. നാഭിക്കിട്ടൊക്കെ ചവിട്ടി സാറേ. അങ്ങനെ കൊണ്ടുപോവുകയായിരുന്നു. പൈസ ഇവിടിരിപ്പുണ്ട്, നാൽപത് ലക്ഷം, അതിങ്ങെടുക്ക് എന്ന് പറഞ്ഞായിരുന്നു തല്ല്'', അയൽവാസിയായ രാജേന്ദ്രൻ പറയുന്നു. 

പഞ്ചായത്ത് മെമ്പർ പറയുന്നത് ..

രാജ്‍കുമാറിനെ മർദ്ദിച്ചത് പണം കൊടുക്കാനുള്ള നാട്ടുകാരാണെന്ന ആരോപണമാണ് പൊലീസ് ഉന്നയിക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ രാജ്‍കുമാറിന് മർദ്ദനമേറ്റിട്ടില്ലെന്നും പൊലീസ് പറയുന്നു. നാട്ടുകാർ രാജ്‍കുമാറിനെ മർദ്ദിച്ചെന്ന് സ്ഥലത്തെ കോൺഗ്രസ് പഞ്ചായത്ത് മെമ്പറായ ആലീസ് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് 30 പേർക്കെതിരെ പൊലീസ് കേസുമെടുത്തു. എന്നാൽ തന്‍റെ മൊഴി എസ്‍പി വളച്ചൊടിച്ചെന്ന ആരോപണമാണ് ആലീസ് ഉന്നയിക്കുന്നത്.

നാട്ടുകാർക്കെതിരായല്ല താൻ പരാതി നൽകിയതെന്ന് ആലീസ് പറയുന്നു. തന്‍റെ പരാതി പൊലീസ് വളച്ചൊടിച്ചതാണ്. രാജ്‌കുമാറിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുമ്പോൾ പൂർണ ആരോഗ്യവാനായിരുന്നു. നടന്നാണ് ഇയാൾ സ്റ്റേഷനിലേക്ക് കയറിയത്. നാട്ടുകാരെ പഴി ചാരി പോലീസ് രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നും ആലീസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.