തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കർശനനടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി. ആരെയും സംരക്ഷിക്കുന്ന നടപടിയുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ആരെയും രക്ഷിക്കാൻ ഇവിടെ സർക്കാർ ശ്രമിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാജ്‍കുമാറിന് ക്രൂരമായ മർദ്ദനമേറ്റെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ തെളിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസുകാർക്കെതിരെ സസ്പെൻഷനിൽ നടപടി ഒതുക്കാനാവില്ല. കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതിന് പകരം സസ്പെൻഷനിൽ നടപടി ഒതുക്കുകയാണ് ആഭ്യന്തര വകുപ്പ് എന്നും ചെന്നിത്തല ആരോപിച്ചു. 

കസ്റ്റഡി മരണത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എല്ലാ പൊലീസുകാർക്കെതിരെയും നടപടിയുണ്ടായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും കൂട്ടത്തോടെ സ്ഥലം മാറ്റി. കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാലാണ് പൊലീസുകാരെ സ്ഥലം മാറ്റിയത്. 

കേസുമായി ബന്ധപ്പെട്ട് എസ്ഐ അടക്കം എട്ട് പേരെ സസ്പെൻഡ് ചെയ്യുകയും സിഐ ഉൾപ്പടെ ഒമ്പത് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ്‍ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട്. 

രാജ്‍കുമാറിന്‍റെ മരണകാരണം ന്യൂമോണിയയാണെങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മർദ്ദനത്തിലുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതിനിടെ രാജ്‍കുമാറിനെ കസ്റ്റഡിയിലെടുത്തത് പതിനഞ്ചാം തീയതിയാണെന്ന പൊലീസ് വാദം തള്ളി ദൃക്സാക്ഷി മൊഴിയും പുറത്ത് വന്നു.

പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലെന്ത്?

രാജ്‍കുമാറിന്‍റെ മരണത്തിന് കാരണം ക്രൂരമർദ്ദനത്തെ തുടർന്നുള്ള ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃത്യസമയത്ത് ചികിത്സ നൽകാത്തത് മൂലം മുറിവുകൾ പഴുത്ത് ന്യൂമോണിയ ബാധിച്ചാണ് രാജ്‍കുമാർ മരിച്ചത്. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. ഇരുകാലുകൾക്കും സാരമായി പരിക്കുണ്ടെന്നും തൊലി അടർന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. ഇതിനിടെ രാജ്‍കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദവും പൊളിയുകയാണ്. സാമ്പത്തിക തട്ടിപ്പിനിരയായ നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി.

പൊലീസിന് കൈമാറുമ്പോൾ രാജ്‍കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷിയായ ആലീസ് പറയുന്നു. ഇതിനിടെ പതിനാറാം തിയ്യതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ രാജ്‍കുമാറിന്‍റെ അവസ്ഥ തീരെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാർ വെളിപ്പെടുത്തി. ജയിലിലേക്ക് മാറ്റാൻ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടർമാർ പറഞ്ഞു. ജയിലിൽ എത്തിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു പ്രതിയുടേതെന്ന് പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി അനിൽ കുമാറും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.