സ്കൂൾ വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്‍റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘമായി ചേർന്ന് ശാരീരികമായി പിഡിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥിനിയെ കടപ്പുറത്ത് കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികൾ പിടിയിൽ. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. കുട്ടിയുടെ അയൽവാസികളും മത്സ്യത്തൊഴിലാളികളുമായ വെട്ടൂർ വെന്നിക്കോട് വലയന്‍റെ കുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന് വിളിക്കുന്ന കബീർ(57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ (33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചുതെങ്ങ് കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന് വിളിക്കുന്ന സൈനുലാബീദീൻ (59) എന്നിവരാണ് പിടിയിലായത്.

ഡിവൈഎസ്പി പി നിയാസും അഞ്ചുതെങ്ങ് സി ഐ ചന്ദ്രദാസനും ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2021 കൊവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്‍റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘമായി ചേർന്ന് ശാരീരികമായി പിഡിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞാൽ പെൺകുട്ടിയെ കൊന്നുകളയും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

സ്കൂൾ തുറന്ന അവസരത്തിൽ ക്ലാസിലെത്തിയ കുട്ടിയുടെ സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലിംഗ് ലഭ്യമാക്കിയ ശേഷം വിദ്യാർത്ഥിനിയിൽ നിന്ന് വനിതാ പൊലീസിന്‍റെ സഹായത്തോടെ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി ഇന്ന് റിമാൻഡ് ചെയ്തു.

ഇതിനിടെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പശ്ചിമ ബംഗാളില്‍ നിന്ന് കൊണ്ടുവന്ന് അങ്ങാടിപ്പുറത്തെ ലോഡ്ജില്‍ പാര്‍പ്പിച്ച 17കാരിയെ പൊലീസിന്‍റെ സഹായത്തോടെ രക്ഷപ്പെടുത്തി. മലപ്പുറം ചൈല്‍ഡ് ലൈനാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. അങ്ങാടിപ്പുറത്തും സമീപത്തും നടത്തിയ തിരച്ചിലിലാണ് സ്വകാര്യ ലോഡ്ജില്‍ വ്യാജരേഖകള്‍ കാണിച്ച് രഹസ്യമായി പാര്‍പ്പിച്ച കുട്ടിയെ ബംഗാള്‍ സ്വദേശിയായ അന്‍സാര്‍ അലി എന്നയാള്‍ക്കൊപ്പം കണ്ടെത്തിയത്. കുട്ടിയെ രക്ഷപ്പെടുത്തുകയും കൂടെയുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ കടത്തിക്കൊണ്ടുവന്നതിന് ജൂലൈയില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ബംഗാള്‍ പൊലീസ് കേസെടുത്തിരുന്നു.

ചെന്നൈ ഫെഡ് ബാങ്ക് കവർച്ചയിൽ വന്‍ വഴിത്തിരിവ്; കൊള്ളമുതൽ വീട്ടിൽ സൂക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍