കോഴിക്കോട്: ഉണ്ണികുളം വള്ളിയോത്ത് താമസിക്കുന്ന നേപ്പാള്‍ സ്വദേശിനിയായ ഏഴ് വയസ്സുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. അയല്‍വാസികളായ ഇവരില്‍ ഒരാളാണ് പ്രധാന പ്രതിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

വള്ളിയോത്ത് ക്വാറിയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയുടെ ഏഴ് വയസ്സുളള മകളാണ് പീഡനത്തിനിരയായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം ഇളയ രണ്ട് സഹോദരന്മാരും ഏഴ് വയസുകാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പുറത്തുപോയ മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ ആണ് കുട്ടിയെ രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന നിലയില്‍ കണ്ടതെന്നാണ് പിതാവ് നാട്ടുകാരെ അറിയിച്ചത്. 

കുട്ടിയെ ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതായി ആരോഗ്യ പ്രവര്‍ത്തകര്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി, കാക്കൂര്‍ ഇന്‍സ്പെക്ടര്‍മാര്‍ അടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.