കൊൽക്കത്ത: ദക്ഷിണ കൊൽക്കത്തയിലെ കോളേജിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ എത്തുന്നതിന് മുൻപ് തന്നെ മരിച്ചുപോയതായി ഡോക്ടർമാർ പറഞ്ഞു.

കോളേജിലെ ശുചീകരണ തൊഴിലാളിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ബാന്റേജ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. സാൽവാർ കമ്മീസ് ധരിച്ച രണ്ട് യുവതികൾ കോളേജ് ക്യാംപസിലേക്ക് വലിയൊരു ബാഗുമായി നടന്നുവരുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും കണ്ടെത്തി. ഇവർ ശുചിമുറിയിൽ കയറി അഞ്ച് മിനിറ്റിന് ശേഷം പുറത്തേക്ക് വന്നതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ശുചിമുറി അനായാസം കണ്ടെത്തിയതിനാൽ യുവതികൾ ഈ കോളേജിലെ വിദ്യാർത്ഥിനികൾ തന്നെയായിരിക്കുമെന്നാണ് പൊലീസിന്റെ സംശയം.