ലക്‌നൗ: വിവാഹത്തിന് ശേഷം നാലാം ദിവസം നവവധു ആഭരണങ്ങളും പണവുമായി അപ്രത്യക്ഷയായി. ഭര്‍തൃവീട്ടുകാരെ മയക്കികിടത്തിയ ശേഷമാണ് നവവധു കടന്നു കളഞ്ഞത്. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശ് ദത്തഗഞ്ച് കോട്വാലി ഛോടാപാറ ഗ്രാമത്തിലാണ് സംഭവം. 

റിയ എന്ന യുവതിയാണ് ഭര്‍തൃവീട്ടുകാരെ മയക്കി കിടത്തി പണവും ആഭരണവുമായി മുങ്ങിയത്.  കഴിഞ്ഞ ഒമ്പതാം തീയതിയായരുന്നു പ്രവീണും റിയയും തമ്മിലുള്ള വിവാഹം നടന്നത്. എസംഗഢ് സ്വദേശിയായ റിയ വെള്ളിയാഴ്ച അത്താഴ ഭക്ഷത്തില്‍ ലഹരി കലര്‍ത്തി ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. 

ഇവര്‍ ഒന്നടങ്കം മയക്കത്തിലായതോടെ ഈ സമയം റിയ പണവും ആഭരണവുമായി മുങ്ങുകയായിരുന്നു. 70000 രൂപയും മൂന്നു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് റിയ കടന്നു കളഞ്ഞത്. ഭര്‍തൃവീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.