Asianet News MalayalamAsianet News Malayalam

നെയ്യാറ്റിൻകര ആത്മഹത്യ: മന്ത്രവാദമാണോ കാരണം എന്നതടക്കം പരിശോധിക്കുമെന്ന് പൊലീസ്

വീടിന്‍റെ ചുമരിൽ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ്. കുറിപ്പിൽ എഴുതിയിരിക്കുന്നത് 'എന്‍റെയും മോളുവിന്‍റെയും ആത്മഹത്യക്ക് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്' എന്നാണ് ... 

neyyattinkara suicide the suicide note would be examined in detail
Author
Thiruvananthapuram, First Published May 15, 2019, 12:09 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവുണ്ടാക്കിയ ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിക്കുമെന്ന് പൊലീസ്. നിലവിൽ ആത്മഹത്യാക്കുറിപ്പിൽ ബാങ്കിനെതിരെ പ്രത്യേകിച്ച് പരാമർശങ്ങളൊന്നുമില്ല. ആത്മഹത്യക്ക് കാരണം ഭർത്താവും ബന്ധുക്കളുമാണെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മന്ത്രവാദവും പീഡനവുമടക്കമുള്ള സാധ്യതകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വിനോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ചുമരിൽ ഒട്ടിച്ച നിലയിൽ രണ്ട് വശങ്ങളിലായി എഴുതിയ കടലാസാണ് ആത്മഹത്യാക്കുറിപ്പായി കിട്ടിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കുറിപ്പിൽ ആദ്യത്തെ പേജിൽ വലിയ അക്ഷരങ്ങളിലായി എഴുതിയിരിക്കുന്നത്. 'എന്‍റെയും മോളുവിന്‍റെയും ആത്മഹത്യക്ക് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്' എന്നാണ്. താൻ പറയുന്നതൊന്നും ഭർത്താവ് ചന്ദ്രൻ കേൾക്കാറില്ലെന്നും കൃഷ്ണമ്മയും ശാന്തയും പറയുന്നത് മാത്രമേ കേൾക്കൂ എന്നും കുറിപ്പിലുണ്ട്. ചന്ദ്രന്‍റെ ഭർത്താവിന്‍റെ അമ്മയാണ ്കൃഷ്ണമ്മ. 

കുറിപ്പിലുള്ളതിങ്ങനെ:

ഞാൻ വന്ന കാലം മുതൽ ഇത് അനുഭവിക്കുന്നതാണ്. എന്നെയും മോളെയും പറ്റി ലോകം മുഴുവൻ പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയുമാണ്. എന്നെ സ്ത്രീധനം തരാത്തതിന് കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ നോക്കി. എന്‍റെ ജീവൻ രക്ഷിക്കാതെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം ചെയ്യിച്ചു. എന്നിട്ട് എന്നെ വീട്ടിൽ കൊണ്ടു വിട്ടിട്ട് പോയി. എന്‍റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചത്. നേരം വെളുത്താൽ മുതൽ അവസാനം വരെ എന്നെയും മോളെയും കൃഷ്ണമ്മ വഴക്ക് പറയുകയാണ്. നിന്നെയും നിന്‍റെ മോളെയും ഞാൻ കൊല്ലും എന്നാണ് പറയുന്നത്. എന്നും ഇതാണ് ഞാൻ അനുഭവിക്കുന്നത്. 

കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോഴും തടസ്സം നിൽക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആൽത്തറ ഉണ്ട്, അവ‍ർ നോക്കിക്കോളും ഒന്നും പേടിക്കണ്ട, അവർ വസിക്കുന്ന മണ്ണ് അവർ നോക്കിക്കോളും എന്ന് പറഞ്ഞ് അവർ മോനെ വഴി തെറ്റിക്കും. നാട്ടുകാരുടെ കയ്യിൽ നിന്ന് ചന്ദ്രൻ (എന്‍റെ ഭർത്താവ്) അറിയാതെ ഞാൻ അഞ്ച് പൈസ ആരിൽ നിന്നും വാങ്ങിയിട്ടില്ല. ഞാൻ അയച്ച പൈസ മകന് അറിയാം. ഞാൻ ബാങ്കിലും നാട്ടുകാർക്കും പലിശയും കൊടുത്തു. 22,000 രൂപ ശമ്പളമാണ്. രണ്ട് ലോണുണ്ട്. പലിശക്കാർ എന്നോട് എന്ത് ചെയ്തു എന്ന് ഭർത്താവിന് അറിയാം. അതിന് ശേഷം 9 മാസമായി ഭർത്താവ് വന്നിട്ട്. 

ലോണിൽ ബാങ്കിൽ നിന്ന് ജപ്തിയായി. പത്രത്തിൽ ഇട്ടു. ജപ്തി നോട്ടീസ് ഇട്ടു. എന്നിട്ടും ഭർത്താവ് ബാങ്കിൽ ചെന്ന് അന്വേഷിച്ചില്ല. ജപ്തി നോട്ടീസ് മന്ത്രവാദക്കളത്തിൽ ആൽത്തറയിൽ ഇട്ട് പൂജിക്കുകയാണ് അമ്മയുടെയും മകന്‍റെയും ജോലി.

ഭാര്യ എന്ന സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല. അമ്മയുടെ വാക്ക് കേട്ട് എന്നെ തല്ലുകയും ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്യും. അമ്മയുടെ മുന്നിൽ ആളാകാൻ എന്തും പറയും. എനിക്കും എന്‍റെ കൊച്ചിനും ആഹാരം കഴിക്കാൻ പോലും വകയില്ല.'' -

ലേഖ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

 

Follow Us:
Download App:
  • android
  • ios