ഇടുക്കി: മൂന്നാൽ ​ഗുണ്ടുമല എസ്റ്റേറ്റിൽ കഴുത്തിൽ പ്ലാസ്റ്റിക് വള്ളി കുരുങ്ങി ഒൻപത് വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. കുട്ടി പീഡനത്തിന് ഇരയായതായി സംശയമുണ്ടെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഗുണ്ടുമല എസ്റ്റേറ്റിലെ വീടിനുള്ളിൽ കുട്ടിയെ പ്ലാസ്റ്റിക് വള്ളി കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഗുണ്ടുമല എസ്റ്റേറ്റിലെ ജീവനക്കാരന്റെ മകളായിരുന്നു കുട്ടി. അമ്മ തോട്ടത്തിൽ പണിക്ക് പോയതിനാൽ സംഭവ സമയത്ത് കുട്ടിയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറ്റത്തായിരുന്ന മുത്തശ്ശി വീട്ടിനുള്ളിലെത്തിയപ്പോഴാണ് കുട്ടിയെ വള്ളി കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. 

ഉടൻ തന്നെ സമീപത്തുള്ള ബന്ധുവിന്റെ സഹായത്തോടെ എസ്റ്റേറ്റ് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൂന്നാര്‍ എസ്ഐ സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഗുണ്ടുമലയിലെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

മൂന്നാറിൽ നിന്നും 30 കിലോമീറ്റർ ദൂരെയണ് ഗുണ്ടുമല എസ്റ്റേറ്റ്. സംഭവം കൊലപാതകമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.  ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി നാരായണൻ സ്ഥലം സന്ദർശിക്കുകയും തുടർ അന്വേഷണത്തിനായി മൂന്നാർ ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പതിനൊന്ന് അംഗസംഘത്തെ നിയോഗിച്ചു. 

ഉടുമ്പൻചോല, രാജാക്കാട്, മൂന്നാര്‍ എന്നിവിടങ്ങളിലെ എസ്ഐമാരും ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണവും പീഡനം നടന്നോ എന്ന കാര്യവും കൃത്യമായി പറയാൻ കഴിയുകയുളളുവെന്ന് ഇടുക്കി എസ്പി പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ എല്ലാക്കാര്യങ്ങളെ സംബന്ധിച്ചും പ്രത്യേക സംഘം അന്വേഷണം നടത്തുമെന്നും എസ്പി പറഞ്ഞു.