നോയ്‌ഡ: ആമസോൺ ഡെലിവറി ബോയ് തന്നെ ഹിപ്നോടൈസ് ചെയ്‌ത് പീഡിപ്പിച്ചെന്ന പരാതിയുമായി 43കാരി. തിങ്കളാഴ്ച രാവിലെയാണ് 30കാരനായ ഡെലിവറി ഏജന്റ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. മടക്കിക്കൊടുക്കാനുള്ള സാധനം ഏറ്റുവാങ്ങാനാണ് ഇയാൾ യുപിയിലെ നോയിഡയിലുള്ള യുവതിയുടെ ഫ്ലാറ്റിലെത്തിയതെന്ന് ആരോപിക്കുന്നു.

രാവിലെ 11.20 ഓടെയാണ് ഇയാൾ എത്തിയത്. അഞ്ച് ബോക്സുകൾ മടക്കി അയക്കാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. സ്ത്രീ ഉപഭോക്തൃ സേവന കേന്ദ്രത്തിൽ വിളിച്ച് പരാതിപ്പെട്ടതിന് പിന്നാലെ ഇയാൾ തിരിച്ചുപോയി.

പിന്നീട് തിരിച്ചെത്തിയ യുവാവ് അഞ്ച് ബോക്സുകളും എടുക്കാമെന്ന് പറഞ്ഞെങ്കിലും സ്ത്രീ തയ്യാറായില്ല. ഈ സമയത്ത് യുവാവ് ഹിപ്നോടൈസ് ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ബോധം വന്ന സമയത്ത് യുവാവ് പാന്റ്സ് അഴിച്ച് തനിക്ക് അഭിമുഖമായി നിൽക്കുന്നതാണ് കണ്ടതെന്നും, സഹായത്തിനായി അലറിവിളിച്ചെന്നും പരാതിയിൽ പറയുന്നു. ശുചിമുറിയിലേക്ക് ഓടിപ്പോയ താൻ ഇവിടെയുണ്ടായിരുന്ന വൈപർ ഉപയോഗിച്ച് ഇയാളെ മർദ്ദിച്ചെന്നും ഇതോടെ പ്രതി ശ്രമം ഉപേക്ഷിച്ച് മടങ്ങിപ്പോയെന്നും പരാതിയിൽ പറയുന്നു.

ഭുന്ദേന്ദ്ര പാൽ എന്നയാൾക്കെതിരെ ഐപിസി 376, 511 വകുപ്പുകൾ പ്രകാരം കേസെടുത്തു. ഉപഭോക്താവിന്റെ സുരക്ഷയാണ് ആമസോണിന് ഏറ്റവും പ്രാധാന്യമെന്നും ഈ സംഭവം ആശങ്കപ്പെടുത്തുന്നതാണെന്നും ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണവുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.