Asianet News MalayalamAsianet News Malayalam

ഉത്തരേന്ത്യയില്‍ നിന്നും ബൈക്കുമായി വന്ന് കേരളത്തില്‍ മലപൊട്ടിക്കല്‍; മൂന്ന് പേർ പിടിയിൽ

ശനിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് പെരിഞ്ഞനം ചക്കാലക്കൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീദേവിയുടെ അഞ്ചു പവൻ തൂക്കമുള്ള മാല ആഡംബര ബൈക്കിലെത്തി പ്രതികൾ കവർന്നത്. 
 

north indian chain snatching gang caught by kerala police
Author
Thrissur, First Published Oct 5, 2020, 12:05 AM IST

തൃശൂർ:  പെരിഞ്ഞനത്ത് റിട്ട. അധ്യാപികയുടെ സ്വർണ മാല കവർന്ന കേസിൽ ഇതര സംസ്ഥാനക്കാരായ മൂന്ന് പേർ പിടിയിൽ. ഡൽഹി, ഉത്തർ പ്രദേശ് സ്വദേശികളാണ് പിടിയിൽ ആയതു. ഉത്തരേന്ത്യയിൽ നിന്ന് ട്രെയിനിൽ അതിവേഗ ബൈക്കുമായി കേരളത്തിൽ എത്തി മോഷണം നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

ദില്ലി സ്വദേശികളായ മുഹമ്മദ് മഹ്ഫൂസ് , മുഹമ്മദ് അക്വിൽ, ഉത്തർപ്രദേശ് സ്വദേശി അങ്കുർ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് പെരിഞ്ഞനം ചക്കാലക്കൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീദേവിയുടെ അഞ്ചു പവൻ തൂക്കമുള്ള മാല ആഡംബര ബൈക്കിലെത്തി പ്രതികൾ കവർന്നത്. 

ഉടൻ തന്നെ പോലീസെത്തി സമീപത്തെ വീട്ടിലെ സി.സി.ടി.വി പരിശോധിച്ച് ദ്യശ്യങ്ങൾ ശേഖരിച്ചു. ഉടൻ അയൽ ജില്ലകളിലെ പോലീസ് സ്റ്റേഷനിലേക്കും നിർദ്ദേശങ്ങൾ നൽകി. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.ജെ.ജിജോയും സംഘവും അതു വഴി പാഞ്ഞു വന്ന ബൈക്ക് തടയുകയും ഒരു പ്രതിയെ പിടികൂടുകയും ചെയ്തു. 

ഇതിനിടയിൽ രണ്ടാമൻ ബൈക്കുമായി രക്ഷപ്പെട്ടിരുന്നു. പിടിയിലായയാളെ ചോദ്യം ചെയ്തപ്പോൾ എറണാകുളത്ത് സംഘത്തിലുള്ളവർ ഉണ്ടെന്നു കണ്ടെത്തി. തുടർന്ന് എറണാകുളത്തെ പോലീസിനും വിവരം നൽകി. രണ്ടു സംഘങ്ങളായി തിരിഞ്ഞ് പോലീസ് റെയിൽവേ പോലീസിനും കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കും ഓട്ടോ റിക്ഷ തൊഴിലാളികൾക്കും പ്രതികളുടെ ലഭ്യമായ ക്യാമറാ ദൃശ്യങ്ങളും, വിവരങ്ങളും നൽകി. 

ഓരോ ബസുകളിലും കയറി ആളുകളെ നിരീക്ഷിച്ചു. ഇരിങ്ങാലക്കുടയിൽ നിന്നു രക്ഷപ്പെട്ടയാൾ ബൈക്കിൽ ഈ സമയം എറണാകുളത്ത് എത്തിയിരുന്നു. എറണാകുളത്തേക്ക് പാഞ്ഞെത്തിയ പോലീസ് സംഘം ആലുവ അമ്പാട്ടുകാവിൽ വച്ച് ബൈക്കിൽ പോകുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. ബൈക്ക് തടഞ്ഞ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഇയാൾ

ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് കീഴടക്കി. ഇവരുടെ കൂട്ടു പ്രതിയെ പിന്നീട് ആലുവയിൽ വച്ചു പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ തൃശൂർ എറണാകുളം ജില്ലകളിലെ അന്തിക്കാട്, മുളന്തുരുത്തി തൃപ്പൂണിത്തുറ, ബിനാനി പുരം, എന്നിവിടങ്ങളിൽ സമാനമായ കുറ്റം ചെയ്തതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios