" എന്നെ ചിന്മയാനന്ദിൽ നിന്ന് രക്ഷിച്ചവർ, എന്തിനെങ്കിലും എന്നെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് എനിക്ക് അറിവില്ല. എന്തായാലും ബ്ലാക്ക് മെയിലിങ്ങ് കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഈ നാടകമെല്ലാം ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത് ബലാത്സംഗ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത് " ചിന്മയാനന്ദ് ബലാത്സംഗക്കേസിൽ പരാതിക്കാരിയായ യുവതി പ്രതികരിച്ചു.  ബ്ലാക്ക് മെയിലിങ്ങ് ആരോപിച്ച്  പോലീസ് ഇന്ന് ചോദ്യം ചെയ്യാൻ വേണ്ടി കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു അവരുടെ പ്രതികരണം.  

യുവതി കേസുമായി ബന്ധപ്പെട്ട ചിന്മയാനന്ദിനെ പണമാവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്ന ആരോപണത്തിന്മേൽ പരാതിക്കാരിയ്ക്കെതിരെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പ്രസ്തുത എഫ്‌ഐആറിൽ അറസ്റ്റിലാവും എന്ന ഘട്ടത്തിൽ യുവതി അലഹബാദ് സെഷൻസ് കോടതിയിൽ മുൻ‌കൂർ ജാമ്യഹർജി നൽകിയിരുന്നു. പ്രസ്തുത ഹർജി കോടതി തള്ളിയപ്പോഴാണ് പൊലീസ് ചോദ്യം ചെയ്യാൻ വേണ്ടി യുവതിയെ കസ്റ്റഡിയിലെടുത്തത്.  

കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘം ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട് സച്ചിൻ, വിക്രം എന്നീ രണ്ടുയുവാക്കളെക്കൂടി അറസ്റ്റുചെയ്തിട്ടുണ്ട്. അറസ്റ്റിലായവർ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും യുവതി ഈ സംഘവുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട ചിന്മയാനന്ദ് ഇപ്പോഴും ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.