യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതും ഉൾപ്പടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: ഗുണ്ടാ ആക്ട് പ്രകാരം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പഴുതൂർ കടവൻകോഡ് കോളനിയിൽ മൊട്ട എന്ന് വിളിക്കുന്ന ശ്രീജിത്തി(24)നെയാണ് പൊലീസ് ചെന്നൈയിൽ നിന്നും പിടികൂടിയത്. നെയ്യാറ്റിൻകര, മാരായമുട്ടം പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളിലെ പ്രതിയാണ് ശ്രീജിത്തെന്ന് പൊലീസ് പറഞ്ഞു.

സംഘം ചേർന്ന് വീടുകളിൽ അതിക്രമിച്ചു കയറി വാൾ, വാക്കത്തി മുതലായ മാരകായുധങ്ങൾ ഉപയോഗിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയതിനും താമസക്കാരെ ദേഹോപദ്രവം ഏൽപ്പിച്ചതിനുമടക്കം ശ്രീജിത്തിനെതിരെ കേസുകളുണ്ട്. യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതും ഉൾപ്പടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ശ്രീജിത്തിനെതിരെ നെയ്യാറ്റിൻകര സ്റ്റേഷനിൽ മാത്രം അഞ്ചോളം കേസുകൾ നിലവിലുണ്ടെന്ന്പൊ ലീസ് പറഞ്ഞു.

നിരന്തരം ശല്യക്കാരമായ ശ്രീജിത്തിനെതിരെ പരാതി ഏറിയതോടെ ഇയാളെ പൂട്ടാന്‍ പൊലീസ് തീരുമാനിച്ചു. പൊലീസ് തനിക്കായി വലവിരിച്ചതറിഞ്ഞതോടെ ശ്രീജിത്ത് ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഇതോടെ ശ്രീജിത്തിനായി പൊലീസ് അന്വേഷണം ശക്തമാക്കി. അന്വേഷണത്തില്‍ പ്രതി ചെന്നൈയിലാണ് ഒളിവില്‍ കഴിയുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

തുടര്‍ന്ന് നെയ്യാറ്റിൻകര അസിസ്റ്റൻറ് പൊലീസ് സൂപ്രണ്ട് ടി. ഫറാഷ് ഐ.പി.എസിന്‍റെ നിര്‍ദ്ദേശാനുസരണം നെയ്യാറ്റിൻകര സി.ഐ സി.സി. പ്രതാപ ചന്ദ്രൻ, സബ് ഇൻസ്പെക്ടർ സജീവ്. ആർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽ, രതീഷ് എ.കെ, ലെനിൻ എന്നിവർ അടങ്ങിയ സംഘം ചെന്നൈയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും ശ്രീജിത്തിനെ പിടികൂടുകയായിരുന്നു. 

Read More : അപകടം പതിയിരിക്കും മാങ്കുളത്തെ പുഴകള്‍; ഒരാഴ്ചയ്ക്കിടെ മുങ്ങിമരിച്ചത് രണ്ട് വിനോദസഞ്ചാരികള്‍