മോഷണം നടന്ന സ്ഥലത്തു നിന്നും കിട്ടിയ വടിവാളും രണ്ട് സ്‌ക്രൂകളുമാണ് റിപ്പര്‍ സുരേന്ദ്രനിലേക്ക് അന്വേഷണം എത്തിച്ചത്. മരപ്പണിക്കാരനായ പ്രതി ഈ പ്രദേശങ്ങളില്‍ നേരത്തെ  ആശാരിപ്പണിക്കായി എത്തിയിരുന്നു. 

തൃശ്ശൂര്‍: വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി സ്ത്രീകളെ ആക്രമിച്ച് കവര്‍ച്ച നടത്തുന്ന റിപ്പര്‍ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.
കയ്പമംഗലത്ത് നിന്നാണ് പൊലീസ് റിപ്പര്‍ സുരേന്ദ്രനെന്ന വെള്ളാങ്ങല്ലൂര്‍ നടവരമ്പ് സ്വദേശി അത്തക്കുടത്ത് പറമ്പില്‍ സുരേന്ദ്രനെ പൊലീസ് പിടികൂടിയത്. മോഷണം നടന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയ രണ്ട് സക്രൂ ആണ് പൊലീസിനെ റിപ്പറിലേക്ക് എത്തിച്ചത്.

ചെന്ത്രാപ്പിന്നി സ്വദേശി ശശിധരന്‍റെ ഭാര്യ രാധയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസിലാണ് റിപ്പര്‍ സുരേന്ദ്രനെ പൊലീസ് പിടികൂടിയത്. മാര്‍ച്ച് 23ന് രാവിലെ ആണ് മോഷണം നടന്നത്. രാവിലെ ആറ് മണിക്ക് ശശിധരന്‍ നടക്കാന്‍ പോയ സമയത്ത് പ്രതി വീടിനകത്ത് കയറി രാധയെ വടിവാള്‍ കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം അഞ്ച് പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ശശിധരന്‍റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണം നടന്ന സ്ഥലത്തു നിന്നും കിട്ടിയ വടിവാളും രണ്ട് സ്‌ക്രൂകളുമാണ് റിപ്പര്‍ സുരേന്ദ്രനിലേക്ക് അന്വേഷണം എത്തിച്ചത്. മരപ്പണിക്കാരനായ പ്രതി ഈ പ്രദേശങ്ങളില്‍ നേരത്തെ ആശാരിപ്പണിക്കായി എത്തിയിരുന്നു. മരപ്പണിക്കാര്‍ ഉപയോഗിക്കുന്ന സ്‌ക്രൂകളാണ് സംഭവ സ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി സുരേന്ദ്രനാണെന്ന് പൊലീസിന് മനസിലായി.

കൊലപാതകം, കവര്‍ച്ച, ജയില്‍ ചാട്ടം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സുരേന്ദ്രന്‍. 2007ല്‍ പൊറത്തിശേരി സ്വദേശി 80 വയസ്സുള്ള മറിയയെ കൊലപ്പെടുത്തി 11 പവന്‍ കവര്‍ന്ന കേസിലും അന്തിക്കാട്, കാട്ടൂര്‍, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ച കേസിലും സുരേന്ദ്രന്‍ പ്രതിയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona