ചാവക്കാട് കോൺഗ്രസ് പ്രവർത്തകനായ പുന്നയിൽ നൗഷാദിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടി വീഴ്ത്തിയതോടെ അനാഥരായത് ഭാര്യയും മൂന്ന് മക്കളുമാണ്. 

ചാവക്കാട്: ചാവക്കാട് കോൺഗ്രസ് പ്രവർത്തകനായ പുന്നയിൽ നൗഷാദിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടി വീഴ്ത്തിയതോടെ അനാഥരായത് ഭാര്യയും മൂന്ന് മക്കളുമാണ്. കുടുംബത്തിനായി പാർട്ടി സ്വരൂപിച്ച തുകയുടെ ചെറിയ പലിശയിലാണ് ഇവർ ഇന്ന് ജീവിതം തള്ളി നീക്കുന്നത്. കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബി ഐ അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം

ഒരു യാത്ര പോകാൻ കുഞ്ഞുങ്ങളെ ഒരുക്കി നിർത്തണമെന്നു ഫെബീനയോട് പറഞ്ഞാണ് നൗഷാദ് അന്ന് ചാവക്കാട്ടേക്ക് പോയത്.പിറ്റേ ദിവസം വീട്ടിലേക്കെത്തിയത് നിരവധി വെട്ടുകൾ കൊണ്ട ചേതനയറ്റ ശരീരം. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന നൗഷാദിനെ വെട്ടിക്കൊല്ലാൻ പോന്ന പ്രശ്നങ്ങൾ പ്രദേശത്ത് ഇല്ലായിരുന്നുവെന്ന് ഫെബീന പറയുന്നു. ഉമ്മയുടെ കണ്ണ് നിറയുമ്പോൾ, ആശ്വസിപ്പിക്കാൻ പോലുമാവാതെ അരികത്ത് നിൽക്കുകയാണ് മക്കളായ ദിക്രയും, അമനും ഇശലും.

പ്രദേശത്തെ കോൺഗ്രസന്റെ വളർച്ചയിൽ എസ്ഡിപിഐക്കുള്ള അതൃപ്തിയാണ് കൊലയിൽ കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നൗഷാദിന്റെ ഈ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കും നൌഷാദിന്റെ മൂത്ത സഹോദരി ജമീലയാണ് മാത്രമാണ് കൂട്ട്. കുട്ടികളുടെ പഠനം പാർട്ടി ഏറ്റെടുത്തെങ്കിലും ഭാവി ഇരുളടഞ്ഞതാകുമോയെന്ന് ഇവർ ഭയപ്പെടുന്നു. ദിക്ര, അമൻ ,ഇശൽ, ഈ കുഞ്ഞുങ്ങളെപ്പോലെ എത്രയെത്ര പൊന്നോമനകളാണ് ചെറുപ്രായത്തിലേ അനാഥരാകുന്നത്.