Asianet News MalayalamAsianet News Malayalam

അധ്യാപകനെന്ന് തെറ്റിദ്ധരിപ്പിച്ച് 7ാം ക്ലാസ് വിദ്യാ‍ർത്ഥിയെ വിളിച്ച് അശ്ലീല സംഭാഷണം, പ്രതി പിടിയിൽ

കുട്ടി പഠനത്തിൽ പുറകിലാണെന്നും അതിനാൽ പ്രത്യേകം ക്ലാസ് എടുക്കണമെന്നും രക്ഷിതാവിനെ വിശ്വസിപ്പിച്ചു. കുട്ടിയോട് മുറി അടച്ചിടാൻ ആവശ്യപ്പെട്ടു. തുട‍ർന്ന് അശ്ലീലമായി സംസാരിക്കാൻ ആരംഭിച്ചതോടെ കുട്ടി രക്ഷിതാവിനോട് വിവരം പറഞ്ഞു 

obscene conversation with 7th class student, accused arrested
Author
Malappuram, First Published May 19, 2022, 5:07 PM IST

മലപ്പുറം: അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാ‍ര്‌‍ത്ഥിയോട് അശ്ലീല സംഭാഷണം നടത്തിയയാൾ അറസ്റ്റിൽ. വിമാനത്താവളത്തിൽ വച്ചാണ് 44 കാരനായ പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൽ മനാഫിനെ അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാൾ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.  ഓൺലൈൻ ക്ലാസിനെന്ന വ്യാജേനയാണ് ഇയാൾ ഏഴാം ക്ലാസ് വിദ്യാ‍ർത്ഥിനിടെ ഫോണിൽ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തു. 

ഒരു വ‍ർഷം മുമ്പാണ് ഇയാൾ കുട്ടിയെ വിളിച്ച് മോശമായി സംസാരിച്ചത്. കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തി. കുട്ടി പഠനത്തിൽ പുറകിലാണെന്നും അതിനാൽ പ്രത്യേകം ക്ലാസ് എടുക്കണമെന്നും രക്ഷിതാവിനെ വിശ്വസിപ്പിച്ചു. കുട്ടിയോട് മുറി അടച്ചിടാൻ ആവശ്യപ്പെട്ടു. തുട‍ർന്ന് അശ്ലീലമായി സംസാരിക്കാൻ ആരംഭിച്ചതോടെ കുട്ടി രക്ഷിതാവിനോട് വിവരം പറഞ്ഞു. ഇതോടെ സ്കൂളുമായി ബന്ധപ്പെട്ടപ്പോൾ അധ്യാപക‍ർ അത്തരത്തിൽ ക്ലാസെടുക്കുന്നില്ലെന്ന് അറിഞ്ഞു. പിന്നീട് കുട്ടിയുടെ രക്ഷിതാക്കളും സ്കൂൾ അധികൃതരും ചങ്ങരംകുളം പൊലീസിൽ പരാതി നൽകി.

പരാതി നൽകിയിട്ടും അന്വേഷണം വൈകുന്നതിനാൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തുട‍ർന്ന് സൈബ‍ർ ഡോമിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇന്റ‍ർനെറ്റ് കോളിലൂടെയാണ് കുട്ടിയെ പ്രതി വിളിച്ചതെന്ന് കണ്ടെത്തി. വിദേശത്തുള്ള പ്രതിയെ തിരിച്ചറിഞ്ഞ് ഇയാൾക്കതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ചങ്ങരംകുളം സി ഐ ബഷീ‍ർ ചിറക്കലിന്റെനേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പാലക്കാട് ജില്ലാ സൈബർ പൊലീസിലും സമാനമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios