ബെംഗളൂരു: കൊക്കല്‍ത്ത സ്വദേശിയായ യുവതിയെ മോഷണശ്രമത്തിനിടെ ക്രൂരമായ കൊലപ്പെടുത്തിയ ഒല ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍. എച്ച് എം നാഗേഷാണ് അറസ്റ്റിലായത്. 32 വയസ്സുകാരിയായ പൂജ സിംഗ് ഡേ എന്ന മോഡലാണ് കൊല്ലപ്പെട്ടത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ബംഗ്ലുരുവിലെത്തിയ ഇവര്‍, തിരിച്ച് എയര്‍പ്പോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ക്യാബ് ഡ്രൈവറുടെ ആക്രമണത്തിനിരയായത്. 

കഴിഞ്ഞ ജൂലൈ 31 നായിരുന്നു സംഭവം. ഒല ക്യാബില്‍ ബെംഗളൂരു കെമ്പഗൗഡ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലായിരുന്നു യുവതി. എയര്‍പോര്‍ട്ടിലേക്ക് പോകുന്ന മെയിന്‍ റോഡില്‍ നിന്നും മാറി വിജനമായ റോഡിലൂടെ വാഹനമോടിച്ച ഡ്രൈവര്‍ വാഹനം നിര്‍ത്തി യുവതിയില്‍ നിന്നും പണം ആവശ്യപ്പെട്ടു. 

പണം നല്‍കാന്‍ യുവതി വിസമ്മതിച്ചതോടെ ഇയാള്‍ യുവതിയെ ആക്രമിച്ച് പണം അടങ്ങിയ ബാഗ് കൈക്കലാക്കി. എന്നാല്‍ ബാഗില്‍ 500 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബോധം വന്നതോടെ യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ഡ്രൈവര്‍ കുത്തിയും കല്ലുകൊണ്ട് ഇടിച്ചും ഇവരെ കൊലപ്പെടുത്തുകയായിരുന്നു. എയര്‍പോര്‍ട്ട് കോമ്പൗണ്ടില്‍ നിന്നും സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റം സമ്മതിച്ച നാഗേഷ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.