ഹരിപ്പാട്: ഒൻപത് വയസുകാരനെ നിർബന്ധിച്ച് ചണച്ചാക്കിൽ കയറ്റി നിലത്തിട്ട് വലിച്ചതായി പരാതി. ഇതേത്തുടർന്ന് കരുവാറ്റ തെക്ക് കൈതമൂലയിൽ വിശ്വംഭരനെ (65) പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു കുട്ടി. ഈ സമയത്താണ് മദ്യലഹരിയിലായിരുന്ന വിശ്വംഭരൻ ഇതുവഴി വന്നത്. കുട്ടിയെ ഭീഷണിപ്പെടുത്തി ചണച്ചാക്കിൽ കയറ്റിയ പ്രതി, ചാക്കിന്റെ വായ് ഭാഗത്ത് പിടിച്ചു വലിച്ചു കൊണ്ടു നടന്നുവെന്നും ആറ്റിൽ കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

കരച്ചിൽ കേട്ട് ഓടിവന്ന അമ്മയാണ് ഇയാളുടെ പിടിയിൽ നിന്നും കുട്ടിയെ രക്ഷിച്ചത്. ബഹളം കേട്ട് ഓടിക്കൂടി നാട്ടുകാർ വിശ്വംഭരനെ തടഞ്ഞുവെച്ചു. വിവരം പൊലീസിൽ അറിയിച്ചു.

കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്‌ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റോഡ് നിർമ്മാണത്തിനായി ഇറക്കിയ മെറ്റൽ പ്രതി മോഷ്ടിച്ചെന്ന ആരോപണം കുട്ടിയുടെ വീട്ടുകാർ നേരത്തെ ഉന്നയിച്ചിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.