ആലപ്പുഴ: തുമ്പോളിയിൽ വൃദ്ധയെ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തി. ദേഹമാസകലം പരിക്കേറ്റ് രക്തം വാർന്നാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹയില്ലെന്നും തളർന്നുവീണ സ്ത്രീയെ തെരുവുനായ്ക്കൾ കടിച്ചതാണ് മരണത്തിനിടയാക്കിയെന്നും പൊലീസ് പറയുന്നു. 

തുമ്പോളി സ്വദേശി മറിയാമ്മയാണ് മരിച്ചത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ - ഭർത്താവ് മരിച്ചുപോയ മറിയാമ്മ ഒറ്റയ്ക്കാണ് താമസം. അടുത്ത ബന്ധുക്കൾ ഇടയ്ക്ക് സഹായത്തിനെത്തും. രാത്രിയിൽ പതിവുപോലെ ഗേറ്റ് പൂട്ടാനായി പുറത്തിറങ്ങിയ മറിയാമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. താഴെവീണ് തലയ്ക്ക് പിന്നിൽ പരിക്കേറ്റു. സിറ്റൗട്ടിൽ ബോധരഹിതയായി കിടന്ന ഇവരെ തെരുവുനായ്ക്കൾ കടിച്ചുകീറി. ഇരുകാലുകളിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റു. പുലർച്ചെയോട് രക്തം വാർന്ന് മരിച്ചു.

വീട്ടിൽ നിന്ന് ആഭരണങ്ങളോ പണമോ മോഷണം പോയിട്ടില്ലെന്നും പൊലീസ് പറയുന്നു. സംശയകരമായി ഒന്നും കണ്ടില്ലെന്നാണ് നാട്ടുകാരും മൊഴി നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തതവരുമെന്ന് ആലപ്പുഴ നോർത്ത് പൊലീസ് അറിയിച്ചു.